കോട്ടയം : നൂറ്റമ്പത് ഏക്കറിലേറെ വരുന്ന പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് ട്രാക്‌ടർ തലകുത്തി മറിഞ്ഞ് കിടക്കുന്നത് കണ്ടിട്ട് ഒന്നും ചെയ്യാനാവാതെ പോയ ആശങ്കയിലാണ് നാട്ടുകാർ. ട്രാക്ടറിനടിയിൽ കുടുങ്ങി ചെളിയിൽ പുതഞ്ഞവർ ജീവനായി കേണെങ്കിലും കൈത്താങ്ങാകാൻ ചോഴിയക്കാട് നിവാസികൾക്കായില്ല. അപകടം നടക്കുമ്പോൾ നിരവധിപ്പേർ കരകളിൽ ഉണ്ടായിരുന്നു. എന്നാൽ പാടത്തിനു നടുവിൽ എത്തിപ്പെടാൻ അവർക്ക് മാർഗമില്ലായിരുന്നു. എത്തിച്ചേരാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചേനെ. അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ പുത്തൻകരിയിൽ ശശി (മോനി - 56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനു (മണിക്കുട്ടൻ - 38) എന്നിവരാണ് ദാരുണമായി മരിച്ചത്. അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും ഇടവഴികളിലൂടെ പാടത്തിന് നടുവിലേയ്‌ക്ക് എത്താൻ ഏറെ വൈകി. ഒടുവിൽ ഏഴു മണിയോടെയാണ് അപകടത്തിൽപ്പെട്ട രണ്ടുപേരെയും സാഹസികപ്പെട്ട് വാഹനത്തിന്റെ അടിയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.