danam-jpg

തലയോലപ്പറമ്പ് : ലോകമെമ്പാടുമുള്ള മനുഷ്യർ പ്രണയ ദിനമാഘോഷിച്ച ഇന്നലെ യഥാർത്ഥ മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതുകയായിരുന്നു നൈസിയും കുടുംബവും. തലയോലപ്പറമ്പ് കാലായിൽ മാത്യുവിന്റെ മരണത്തിന് കാരണക്കാരനായ അനീഷിന്റെ കുടുംബത്തിന് വീടും സ്ഥലവും തിരികെ നൽകിയാണ് ഈ കുടുംബം നാടിന് വ്യത്യസ്തമാതൃകയാകുന്നത്. പണമിടപാടുകാരനായ കാലായിൽ മാത്യുവിനെകൊലപ്പെടുത്തിയ വൈക്കം ടി വി പുരം പള്ളിപ്രത്തുശ്ശേരി സ്വദേശി അനീഷിന്റെ കുടുംബത്തിനാണ് കൊല്ലപ്പെട്ട മാത്യുവിന്റെ മക്കൾ അഞ്ച്‌സെന്റ് സ്ഥലവും വീടും നൽകിയത്. മാത്യുവിന്റെ കുടുംബാംഗങ്ങൾ അനീഷിന്റെ പിതാവ് വാസുവിന് വൈക്കം രജിസ്‌ട്രേഷൻ ഓഫീസിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ഥലത്തിന്റെ ആധാരം ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ കിഴക്കെപ്പുറത്തുള്ള മാത്യുവിന്റെ വീട്ടിൽ വച്ച് മുത്തമകൾെ നൈസി കൈമാറുകയായിരുന്നു.തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ,ഫാ. ജിന്റോ പടയാറ്റിൽ, സണ്ണി ജോസഫ്, പുള്ളിക്ക മ്യാലിൽ, കുര്യാക്കോസ് മഠത്തിക്കുന്നേൽ, ടിവി പുരം ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ അശോകൻ, കവിത റജി
തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ആധാര കൈമാറ്റം നടന്നത്.

മാത്യൂവിന്റെ മക്കളായ നൈസി ,നൈജു ,ചിന്നു ,അമ്മ എൽസി എന്നിവർ ചേർന്നാണ് ഉദാത്തമായ ഈ തീരുമാനമെടുത്തത് .പണമിടപാടുകാരനായ മാത്യുവും അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു .ഇതിനിടെയാണ് തന്റെ വീടിന്റെ ആധാരം പണയം വച്ച് മാത്യൂവിൽ നിന്നും പണം വാങ്ങിയത്. അനീഷ് തന്നിൽ നിന്ന് വാങ്ങിയ പണം തിരികെ ലഭിക്കാത്തതിനെ തുടർന്നു മാത്യു അനീഷിന്റെ 5സെന്റ് സ്ഥലവും വീടും പിന്നീട് തീറെഴുതി വാങ്ങുകയായിരുന്നു. പല തവണഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മാത്യൂവിനെ അനീഷ് കൊലപ്പെടുത്തുകയായിരുന്നു. മാത്യുവിനെ കാണാതായി എട്ടുവർഷത്തിന് ശേഷം അനീഷിന്റെ പിതാവ് വാസു തന്റെ മകനാണ് അരുംകൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചതെന്ന് മാത്യുവിന്റെ മകൾ നൈസിയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.ഇതേത തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് വാടകയ്ക്ക് എടുത്തു തലയോലപ്പറമ്പിലെ പള്ളിക്കലയ്ക്ക് സമീപം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ബഹുനില കെട്ടിടം മാന്തിയതും അതിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതും. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ നിന്നും മരിച്ചത് മാത്യൂ തന്നെ എന്ന് പുറം ലോകം അറിയുന്നതും. മകൻ ചെയ്ത തെറ്റ് മറച്ചു വയ്ക്കാതെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നല്കുന്ന ഈ സ്‌നേഹോപഹാരം ക്ഷമയുടെയുംപരസ്‌നേഹത്തിന്റെയും മാതൃകയും കൂടിയാണ് ഇവരുടെ തീരുമാനം. കേസിലെ പ്രതിയായ അനീഷ് നിലവിൽ മറ്റൊരു കേസ്സിൽ ശിക്ഷയനുഭവിക്കുകയാണ്.