ചങ്ങനാശേരി: ജലക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മിച്ച ചെക്ക്ഡാം നോക്കുകുത്തിയാകുന്നു. പുതുപ്പള്ളി, തോട്ടയ്ക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ചെമ്പിത്താനം തോട്ടിൽ നിർമ്മിച്ച ചെക്ക്ഡാമാണ് മാലിന്യങ്ങൾ മൂലം ഉപയോഗശൂന്യമായത്. പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് കഴിഞ്ഞവർഷം ചെക്ക്ഡാം യാഥാർത്ഥ്യമാക്കിയത്. ചെക്ക്ഡാമിൽ വെള്ളം സംഭരിച്ച് സമീപത്തെ കിണറുകളെ വേനൽക്കാലത്തും ജലസമൃദ്ധമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ചെക്ക്ഡാമിൽ മാലിന്യങ്ങളും കരിയിലയും അടിഞ്ഞനിലയിലാണ്. കാത്തിരിപ്പിനൊടുവിൽ തടയണ നിർമ്മിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത്രയുംകാലം തോട്ടിൽ ജലനിരപ്പ് ഉയർന്നനിലയിലായിരുന്നതിനാൽ തടയണയിലൂടെ വെള്ളം ചോർന്നത് അറിഞ്ഞിരുന്നില്ല. തോട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ചെക്ക്ഡാമിന്റ പോരായ്മ തിരിച്ചറിഞ്ഞത്. ജലനിരപ്പ് കുറഞ്ഞതോടെ ചെക്ക്ഡാമിൽ കെട്ടിക്കിടക്കുന്ന മാലിന്യം മൂലം ദുർഗന്ധവും വമിക്കുന്നുണ്ട്. കൂടാതെ തടയണയ്ക്ക് സമീപത്തെ വെള്ളത്തിന് നിറ വ്യത്യാസവുമുണ്ട്. നൂറുകണക്കിന് പേർ ഉപയോഗിക്കുന്ന തോട്ടിലെ വെള്ളം മലിനമായതിനാൽ രോഗസാധ്യതയുമുണ്ട്.
ചെക്ക്ഡാം കൊണ്ട് ആർക്കും പ്രയോജമില്ലാത്ത സ്ഥിതിയാണ്. അടിഞ്ഞുകൂടിയ കരിയിലയും മാലിന്യങ്ങളും നീക്കം ചെയ്ത് രണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഡാമിനെ സംരക്ഷിക്കണം.
രാജു തോട്ടയ്ക്കാട്, പ്രദേശവാസി