പൊൻകുന്നം: മരം കത്തുമ്പോൾ ഉള്ളിൽ തീയാണ് പേടിച്ചുവിറച്ചാണ്, ഞങ്ങളിവിടെ കഴിയുന്നത്. ആരോട് പറയാൻ. പറഞ്ഞിട്ടെന്തു കാര്യം. ഒരു ചെറിയ കാറ്റുവീശിയാൽ മതി. പടക്കംപൊട്ടുന്നതു പോലുള്ള ശബ്ദവും തീയുമാണ്. പിന്നെ ഇവിടെ വീടുകളിൽ കരണ്ടുമില്ല... ഇത് പഴയിടം ശോഭന ക്ലബിനു സമീപം താമസിക്കുന്നവരുടെ വാക്കുകളാണ്. വൈദ്യുതി പോസ്റ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന റബർ മരങ്ങളാണ് കത്തുന്നത്. പഴയിടം ചേനപ്പാടി റോഡിലൂടെ പോകുന്ന വൈദ്യുതിലൈനാണ് അപകടഭീഷണി ഉയർത്തുന്നത്. തൊട്ടടുത്തുള്ള തോട്ടത്തിലെ റബർമരങ്ങൾ വൈദ്യുതിലൈനിലേക്ക് അപകടകരമാംവിധം ചാഞ്ഞാണ് നിൽക്കുന്നത്. റബർമരങ്ങളുടെ വണ്ണംകൂടിയ ശിഖരങ്ങൾക്കിടയിലൂടെയാണ് ലൈൻകമ്പി കടന്നുപോകുന്നത്.
മണിമല സെക്ഷന്റെ പരിധിയിൽപെട്ട പ്രദേശമാണിവിടം. വൈദ്യുതിവകുപ്പിൽ ടച്ചുവെട്ടുക എന്നൊരു ഏർപ്പാടുണ്ട്. അതായത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുനീക്കുന്ന പണിയാണത്. എന്നാൽ ഇവിടെ ഇങ്ങനെ ഒരു പരിപാടി നടന്നിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. റബർമരത്തിന്റെ ചില്ലകൾ ലൈൻകമ്പിയിൽ മുട്ടാൻ തുടങ്ങിയപ്പോൾമുതൽ നാട്ടുകാർ വൈദ്യുതി വകുപ്പിന്റെ മണിമലയിലുള്ള ഓഫീസിൽ പരാതിപ്പെടാൻ തുടങ്ങിയതാണ്. ഒരിക്കൽപോലും ഈ ചില്ലകൾ വെട്ടിനീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ലൈനിൽ തട്ടിനിന്ന ചെറിയ കമ്പുകളാണ് ഇപ്പോൾ വലിയതടികളായി വളർന്ന് അതിനുള്ളിലൂടെ കമ്പി കടന്നുപോകുന്നത്. റോഡിന്റെ മറുകരയിലുള്ള വീടുകളിലേക്കുള്ള സർവീസ് വയറുകളും ഇടക്കിടെ പൊട്ടാറുണ്ട്. റോഡിൽ മുറിഞ്ഞുകിടക്കുന്ന സർവീസ് വയറിലൂടെ വൈദ്യുതി പ്രവാഹമുണ്ടെങ്കിലും ഓഫീസിൽ വിളിച്ചറിയിച്ചാൽ സമയത്തിന് വന്നു നന്നാക്കാറില്ലെന്നും ആക്ഷേപമുണ്ട്. അടുത്ത കാലവർഷത്തിനു മുമ്പെങ്കിലും ഈ അപകടാവസ്ഥ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.