കോട്ടയം: 21ന് അനൂപ് ജേക്കബും ജോണിനെല്ലൂരും കോട്ടയത്ത് പ്രത്യേകം പാർട്ടി സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വിളിച്ചതോടെ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ പിളർപ്പ് ഉറപ്പായി. അനൂപ് സംസ്ഥാന കമ്മിറ്റി ഓഫീസിലും ജോണി നെല്ലൂർ പബ്ലിക് ലൈബ്രറി ഹാളിലുമാണ് യോഗം ചേരുന്നത്. യോഗത്തിൽ പരസ്പരം പുറത്താക്കൽ ഉണ്ടാകുമെന്നാണറിയുന്നത്.
അനൂപ് ഇന്നലെ വിളിച്ച ഉന്നതാധികാര സമിതി യോഗം ജോസഫ് വിഭാഗവുമായി ലയിക്കേണ്ടെന്ന് തീരുമാനിച്ചു. അതേസമയം, മറുപക്ഷം 21ന് ലയന നിർദ്ദേശം അംഗീകരിക്കും. ഇന്നലത്തെ യോഗത്തിൽ എറണാകുളം, കണ്ണൂർ, കാസർ കോട്, പാലക്കാട് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തില്ല. നാല് വൈസ് ചെയർമാൻമാരിൽ രണ്ടു പേരും ഓഫീസ് ചുമതലയുള്ള സെക്രട്ടറിയടക്കം നാല് സെക്രട്ടറിമാരും എത്തിയില്ല. 16ൽ 11 ഉന്നതാധികാരസമിതി അംഗങ്ങൾ പങ്കെടുത്തെന്ന് അനൂപ് അവകാശപ്പെട്ടു.
ജോണിനെല്ലൂർ പാർട്ടി പിളർത്താൻ ശ്രമിക്കുന്നതിനാൽ ഇനി യോജിച്ചു പോകേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടി പിളർത്താൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നാണ് അനൂപ് യോഗ ശേഷം പ്രതികരിച്ചത്.
' അനൂപ് ഇന്നലെ വിളിച്ചത് ഗ്രൂപ്പ് യോഗം മാത്രമാണ്. നോട്ടീസ് നൽകേണ്ട ചെയർമാനും ഓഫീസ് ചുമതലയുള്ള സെക്രട്ടറിയും ഒപ്പമില്ലാത്തതിനാൽ 21ന് സംസ്ഥാന കമ്മിറ്റി വിളിക്കാൻ അനൂപിന് നിയമപരമായി കഴിയില്ല. ജേക്കബ് വിഭാഗം ഉണ്ടാക്കിയവർ എനിക്കൊപ്പമാണ്. എറണാകുളത്തെ പത്ത് നിയോജക മണ്ഡലം പ്രസിഡന്റുമാരും ഒപ്പമുണ്ട് ".
- ജോണി നെല്ലൂർ
'കേരള കോൺഗ്രസിൽ (ജേക്കബ്) ലയനമോ പിളർപ്പോയില്ല. ലയനം വേണ്ടെന്ന് ഹൈപ്പവർ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പി.ജെ.ജോസഫുമായി ഒരു ഒൗദ്യോഗിക ചർച്ചയും നടത്തിയിട്ടില്ല. അതിനായി ആരെയും നിയോഗിച്ചിട്ടില്ല. ജോണി നെല്ലൂർ മാറി നിൽക്കുന്നതായി കരുതുന്നില്ല. നിയമാനുസൃതമാണ് യോഗം വിളിച്ചത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്".
- അനൂപ് ജേക്കബ് കൊച്ചിയിൽ പറഞ്ഞത്