കോട്ടയം: അത്യാവശ്യത്തിനു മാത്രം മുഴക്കേണ്ടതാണ് വാഹനങ്ങളിലെ ഹോൺ. എന്നാൽ കാതടിപ്പിക്കുന്ന ശബ്ദത്തിൽ എയർഹോണടിച്ച് നിരത്തിൽ വിലസുന്നവരിൽ കോട്ടയംകാരും കുറവല്ലെന്നാണ് കണക്കുകൾ. നിയമ വിരുദ്ധമായി എയർ ഹോൺ ഘടിപ്പിച്ചതിന് കഴിഞ്ഞവർഷം പിഴയടച്ചവർ നൂറിലേറെയുണ്ട്. ഭീമമായ പിഴയീടാക്കിയാലും വീണ്ടും എയർഹോൺ സ്ഥാപിക്കുകയാണെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

120 ഡെസിബല്ലിന് മുകളിൽ ശബ്ദമുള്ള ഹോണുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ ആഡംബരക്കാറുകൾ, ഭാരവാഹനങ്ങൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവയിലെല്ലാം എയർഹോണുണ്ട്. വലിയ മോട്ടോർവാഹനങ്ങളുടെ ബ്രേക്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് എയർ ഹോണുകൾ ഘടിപ്പിക്കുന്നത്. ടൂറിസ്റ്റ് ബസുകളിൽ മത്സരത്തിന്റെ ഭാഗമായാണ് എയർ ഹോൺ ഘടിപ്പിക്കുന്നതെങ്കിൽ ആഡംബരക്കാറുകളിൽ അത് അലങ്കാരത്തിനാണ് . സമീപ ജില്ലകളെ വച്ച് നോക്കുമ്പോൾ എയർഹോൺ സ്ഥാപിച്ച് പിഴ ഒടുക്കിയവരിൽ മുന്നിലാണ് കോട്ടയം. പത്തനംതിട്ട,​ ഇടുക്കി ജില്ലക്കാർ ഏറെ പുറകിലാണ്.

 ചെവി തകരും

പല രാജ്യങ്ങളിലും ഡ്രൈവർമാർ ഹോൺ ഉപയോഗിക്കുന്നത് അത്യാവശ്യസന്ദർഭങ്ങളിൽ മാത്രമാണ്. എന്നാൽ ഇവിടത്തുകാർ ദേഷ്യം, നിരാശ, അക്ഷമ എന്നിവ തീർക്കുന്നത് ഹോണിലാണെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. 120 ഡെസിബല്ലിനുമുകളിലുള്ള എയർ ഹോണുകൾ കേൾവിശക്തി നഷ്ടപ്പെടാൻ കാരണമാകും.

'' പ്രധാനപാതകൾ വിട്ട് ചെറിയ റോഡുകളിലേയ്ക്ക് കയറിയാൽ വീതികുറഞ്ഞ റോഡുകളിലും വളവുകളിലും എതിരെവരുന്ന വാഹനങ്ങൾക്ക് മനസിലാക്കാൻ എയർഹോൺ തന്നെ വേണം. ഇല്ലെങ്കിൽ അപകടമുണ്ടാകും''

-സുമേഷ് എസ്.നായർ, ഡ്രൈവർ

 2019ൽ 188 കേസുകൾ

 പിഴ ലഭിച്ചത് : ₹ 3,76,000