ലൈഫ് പദ്ധതി : പണിതീരാതെ ആദിവാസി ഭവനങ്ങൾ
അടിമാലി: ചൂഷണം പലവിധത്തിൽ ആദിവാസി സമൂഹം അനുഭവിക്കുന്നത് ഇപ്പോൾ ലൈഫ് പദ്ധതിയിലൂടെ മറനീക്കി പുറത്ത് വരുന്നു. തങ്ങൾക്ക് അവകാശപ്പെട്ട വീടിന്റെ നിർമ്മാണം എങ്ങുമെത്താതെ പോകുമ്പോൾഎന്ത്‌ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ആദിവാസികൾ. സ്വന്തമായി നല്ലൊരു വീട് എന്നത് സ്വപ്നം കണ്ട് ലൈഫ് പദ്ധതിയുടെ ഭാഗമായ ഒട്ടേറെ ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കുടിലുകളിലും വാടക വീടുകളിലുംതന്നെ താമസിക്കേണ്ട അവസ്ഥയാണ്. ലൈഫ് പദ്ധതിയുൾപ്പെടെ ഭവന രഹിതരായ ആളുകൾക്ക് വീടൊരുക്കാനുള്ള സർക്കാർ പദ്ധതികളിൽ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ച് കിട്ടിയാലുടൻ സ്വകാര്യ കരാറുകാർ നേരിട്ട് നിർമ്മാണ ചുമതല ഏറ്റെടുക്കും.തറയുൾപ്പെടെയുള്ള പ്രാരംഭഘട്ട ജോലികൾ തീർത്താൽ മാത്രമേ നിർമ്മാണത്തുകയുടെ ആദ്യഗഡു സർക്കാരിൽ നിന്നും ഗുണഭോക്താവിന് ലഭിക്കുകയുള്ളു.ഇത്തരത്തിൽ പ്രാരംഭഘട്ട ജോലികൾക്കായി വേണ്ടുന്ന തുക ഇല്ലാതെ വരുന്നതോടെ നിർമ്മാണ ജോലികൾ കരാറുകാരനെ എൽപ്പിക്കാൻ ആദിവാസി കുടുംബങ്ങൾ നിർബന്ധിതരാകും.എന്നാൽ കൃത്യമായോ സമയബന്ധിതമായോ നിർമ്മാണ ജോലികൾ തീർത്ത് നൽകാൻ കരാറുകാർ തയ്യാറാകാറില്ല. ബന്ധപ്പെട്ട ഉദളോഗസ്ഥർ എത്തുമ്പോൾ പൂർണ്ണമാകാത്ത വീടുകളുടെ പട്ടികയിലാവുകയും ചെയ്യും. .കരാറേറ്റെടുക്കുന്നവർ തോന്നുംവിധമാണ് നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് നൽകാറുള്ളുവെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു. അടിമാലി ഗ്രാമപഞ്ചായത്തിലെ ചിന്നപ്പാറക്കുടി,തലനിരപ്പൻകുടി തുടങ്ങിയ ആദിവാസി മേഖലകളിലടക്കം കരാറുകാരുടെ അനാസ്ഥയെ തുടർന്ന് നിർമ്മാണം പാതിവഴിയിലവസാനിച്ച നിരവധി ഭവനങ്ങളുണ്ട്.ഓരോ ഘട്ടവും കൃത്യമായി തീർത്ത് സമയബന്ധിതമായി വീട് പൂർത്തിയാക്കൽ ജില്ലയിൽ ഒട്ട്മിക്ക പ്രദേശങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ ഇആദിവാസി ജനവിഭാഗത്തിൽ ഭൂരിഭാഗംപേരും സർക്കാർ ചട്ടക്കൂടിന്റെ കാര്യങ്ങളിൽ അജ്ഞരായതിനാൽ അവർരെ ചൂഷണം ചെയ്യുന്നത് വർദ്ധിക്കുകയും ചെയ്യുകയാണ്. ജില്ലയിൽ ലൈഫ് പദ്ധതി ഏറെ മുന്നേറുമ്പോഴും സമൂഹത്തോട് ചേർത്ത് നിർത്തേണ്ട ജനവിഭാഗം ഇപ്പോഴും ആനുകൂല്യങ്ങൾ ശരിയാവംവണ്ണം വിനിയോഗിക്കാനാവാതെ വലയുകയാണ്.ആദിവാസി മേഖലകളിൽ സ്വകാര്യ കരാറുകാർ നടത്തിപ്പോരുന്ന ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചാൽ മാത്രമെ സർക്കാർ ഭവന പദ്ധതികൾ ആദിവാസി മേഖലകളിൽ ഫലപ്രാപ്തിയിലെത്തുവെന്നാണ് ജനനപ്രതിനിധികളടക്കമുള്ളവർ പറയുന്നത്.