school

തൃക്കൊടിത്താനം: നാടിന്റെ മുഖമുദ്രയായി മാറാനൊരുങ്ങി തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കിലേക്ക് ഉയർത്തിയ സ്‌കൂളിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്കെത്തി. പെയിന്റിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു നിയോജകമണ്ഡലത്തിൽ ഒരു സർക്കാർ ഹൈടെക് സ്‌കൂളെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചങ്ങനാശേരിക്ക് അനുവദിച്ച സ്‌കൂളാണിത്. സംസ്ഥാനത്തെ 370 പൊതുവിദ്യാലയങ്ങളിൽ നിന്നാണ് തൃക്കൊടിത്താനം ഗവ സ്‌കൂളിനെ തിരഞ്ഞെടുത്തത്. 7.60 കോടിയുടെ പദ്ധതികളടങ്ങിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. ഈ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നത്. ഒരു കാലത്ത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂളായിരുന്നു ഇത്. പത്താം ക്ലാസ്സിൽ നിരവധി റാങ്ക് ജേതാക്കളെയും കലാ-കായിക പ്രതിഭകളെയും സൃഷ്ടിച്ചിരുന്നു. പിന്നീട് സ്കൂൾ തകർച്ചയെ നേരിട്ടു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായതോടെ സ്‌കൂളിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോൾ സർക്കാർ സ്‌കൂളിനെ ഏറ്റെടുക്കുകയും അസാപ് കേന്ദ്രമാക്കി ഉയർത്തുകയും ചെയ്യുകയായിരുന്നു.