വൈക്കം : ആചാരത്തനിമയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മാശി അഷ്ടമി ആഘോഷിച്ചു.
പുലർച്ചെ 4.30 ന് അഷ്ട്മി ദർശനത്തിന് നടതുറന്നപ്പോൾ മുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. 6 മണിയോടെ ക്ഷേത്രത്തിലുണ്ടായ അശുദ്ധിയെ തുടർന്ന് രണ്ടു മണികൂറോളം ക്ഷേത്ര നടഅടച്ച് ശുദ്ധികർമ്മങ്ങൾ ചെയ്യേണ്ടി വന്നത് ഭക്തജനങ്ങളെ വലച്ചു. തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി, മേൽശാന്തിമാരായ ശ്രീധരൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഏകാദശ രുദ്റഘൃത കലശാഭിഷേകവും നടന്നു. ദേവസ്വം ബോർഡ് 21 പറ അരിയുടെ പ്രാതലൊരുക്കിയിരുന്നു. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരൻ മുല്ലക്കൽ ബാലകൃഷ്ണൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കലാപീഠം ബാബു, വെച്ചൂർ രാജേഷ്, വെച്ചൂർ വൈശാഖ്, വൈക്കം പവിത്രൻ എന്നിവരും ക്ഷേത്ര കലാപീഠം വിദ്യാർത്ഥികളും മേളമൊരുക്കി. വൈകിട്ട് 5ന് ശേഷം ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഗജവീരൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി.
എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലെ കൊടിമരചുവട്ടിൽ എത്തിയതോടെ വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു.
തുടർന്ന് കിഴക്കോട്ടുള്ള എഴുന്നള്ളത്ത് നടന്നു. പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന് ഏകദേശം 5 കിലോമീറ്റർ ദൂരം വരുന്ന കള്ളാട്ടുശ്ശേരി വരെ എഴുന്നളളി. വാഴമന, കൂർക്കശ്ശേരി, കള്ളാട്ട്‌ശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നടത്തി. ഇവിടെ അന്നദാനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭക്തർ നിറപറയും നിലവിളക്കും ഒരുക്കിയാണ് ദേവന്മാരെ എതിരേറ്റത്.