കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പഴയ ഓഫീസ് കെട്ടിടം പൊളിച്ചു പണിയുന്നതിന് ഒരു കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു മാസങ്ങളായിട്ടും നിർമ്മാണ ജോലികൾ മാത്രം എന്തു കൊണ്ടോ ആരംഭിക്കുന്നില്ല. ഇത് എം.എൽഎയ്ക്കിട്ടുള്ള 'പണികൊടുക്കലാണോ 'എന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ ! കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്താണ് കോട്ടയത്ത് ആധുനിക രീതിയിൽ ബഹുനില കെ.എസ്.ആർ.ടി.സി കോംപ്ലക്സ് പണിയാൻ തീരുമാനിച്ചത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ബഹുനില മന്ദിരം ഉയർത്താതെ 'എങ്ങനെ പണിയാതിരിക്കാം എങ്ങനെ പണികൊടുക്കാം' എന്നതിൽ ഗവേഷണം മാത്രമാണ് നടന്നത്.
കോട്ടയത്ത് വികസനം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് എം.എൽ.എയുടെ ആരോപണം. അത് ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള നടപടികൾ. വികസനത്തിൽ രാഷ്ട്രീയം പാടില്ല. കഴിഞ്ഞ 30 വർഷമായി ചുറ്റുവട്ടം കോളത്തിലൂടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് അതാണ്. എന്നാൽ തരംതാണ വികസനവിരുദ്ധ രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നതെന്നാണ് എല്ലാത്തിനും സാക്ഷികളായ നാട്ടുകാർക്ക് തോന്നുന്നത്. ആദ്യം ഗാരേജിനായി മണ്ണെടുത്തപ്പോൾ ചുവപ്പു നാട വട്ടം ചുറ്റി. ഓരോ ലോഡ് മണ്ണിനും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് 1000 രൂപ വീതം ചോദിച്ചു. പണ്ടേ ദുർബലയായ കെ.എസ്.ആർ.ടി.സിയുടെ കൈയിൽ പണമില്ലാതായതോടെ മണ്ണെടുക്കൽ മുടങ്ങി. ഒരു വർഷത്തിനകം കോംപ്ലക്സ് പണി പൂർത്തിയാകുമെന്ന് പറഞ്ഞ് കോടിമതയിൽ നഗരസഭ വക സ്ഥലം ബസുകളിടുന്ന ഗാരേജാക്കി മാറ്റിയിട്ടും അഞ്ച് വർഷം കഴിഞ്ഞു. ഒന്നു മാറി തരാമോ എന്ന് നഗരസഭ ചോദിച്ചു മടുത്തു.
അഞ്ചു വർഷമായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ സ്റ്റാൻഡിലെ പ്ലാറ്റ് ഫോം തകർന്നു. അടി തട്ടി ബസുകളുടെ പ്ലേറ്റുകൾ നിരന്തരം ഒടിഞ്ഞു. മഴ പെയ്താൽ കാൽനടയാത്ര പോലും അസാദ്ധ്യമാകും വിധം സ്റ്റാൻഡ് ചെളിക്കുണ്ടാകും. ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനായിരുന്നു സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനും കുണ്ടും കുഴിയും നികത്തി പ്ലാറ്റ് ഫോം കോൺക്രീറ്റ് ചെയ്യാനുമായി എം.എൽ.എയുടെ ആസ്തി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ തിരുവഞ്ചൂർ അനുവദിച്ചത്. അതാണ് മാസങ്ങളായിട്ടും ഉപയോഗിക്കാതെ കിടക്കുന്നത്. കെ.എസ്.ആർ.ടി.സി സി.ഇ.ഒയെ വിളിച്ചു ചോദിച്ചപ്പോൾ 'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ കുതിരവട്ടം പപ്പു പറയുന്നതു പോലെ 'ഇപ്പം ശരിയാക്കാമെന്ന 'മറുപടിയാണ് ലഭിച്ചത്.
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന അവസ്ഥ ശരിയല്ല. ഇതു വരെ പണമില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ പണം അനുവദിച്ചിട്ടും പണി എന്തു കൊണ്ട് ആരംഭിക്കുന്നില്ലെന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ടവർ ബാദ്ധ്യസ്ഥരാണ്. പണം അനുവദിച്ചിട്ടും പണി വൈകുന്നതിനെതിരെ പൊതു താത്പര്യഹർജിയുമായി കോടതിയെ സമീപിക്കണമെന്നാണ് ചുറ്റുവട്ടത്തിന് നിർദ്ദേശിക്കാനുള്ളത്. ഇതിന്റെ പേരിൽ തൂക്കി കൊല്ലാൻ വകുപ്പില്ലെങ്കിലും കരാർ തുക പത്തിരട്ടിയാക്കി ഖജനാവിലെ പണം മുടിപ്പിച്ച് സർക്കാരിന് വൻ ബാദ്ധ്യത വരുത്തിച്ച ഉദ്യോഗസ്ഥർ ആരാണെങ്കിലും അവർക്ക് ധനനഷ്ടവും മാനഹാനിയും ഒപ്പം നിയമ നടപടിയും ഉണ്ടാവണം. എന്നാലേ പഠിക്കൂ...