satheesh

കോട്ടയം: വാക്കു തർക്കത്തിനിടെ ഗുണ്ടയുടെ തലയടിച്ചു പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. തിരുവാതുക്കൽ വേളൂർ പാണംപടി കൊച്ചു പറമ്പിൽ ഫൈസലിന്റെ (28) തല അടിച്ചു പൊട്ടിച്ച കേസിൽ തിരുവാർപ്പ് വേളൂർ കൊല്ലംപറമ്പിൽ സതീഷിനെ യാണ് (സതിയാപ്പി - 35 ) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവങ്ങളുടെ തുടക്കം. ഫൈസൽ തിരുവാതുക്കൽ മാന്താറ്റിൽ പാലത്തിന് സമീപത്തു വച്ച് ഇതുവഴി സൈക്കിളിൽ എത്തിയ ആളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തിരുന്നു. ഇതു കണ്ട് ഓട്ടോഡ്രൈവറായ സതീഷും സുഹൃത്തുക്കളും ഇടപെട്ടു. ഇതോടെ ഫൈസലിന്റെ പ്രതിഷേധം ഇവർക്കു നേരെയായി. ഫൈസൽ വടിവാളും മാരകായുധങ്ങളും കാട്ടി ഭയപ്പെടുത്തി. ഇവിടെ നിന്ന് മടങ്ങിയ ഫൈസൽ , രാത്രി എട്ടരയോടെ മറ്റൊരു സുഹൃത്തിനെയും കൂട്ടി മാന്താറ്റിൽ എത്തി വീണ്ടും ഭീഷണി മുഴക്കി. തുടർന്നുണ്ടായ സംഘർഷത്തിൽ ഫൈസലിന്റെ തലയ്‌ക്ക് അടിയേൽക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന്റെ മൊഴിയിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരമനുസരിച്ചാണ് പ്രതിയായ സതീഷിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

കഞ്ചാവ് കടത്തിയതും പൊലീസിനെ ആക്രമിച്ചതും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഫൈസൽ.