ചങ്ങനാശേരി: നീതിക്കുവേണ്ടിയുള്ള ഓർത്തഡോക്‌സ് സഭയുടെ പോരാട്ടത്തിൽ കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ കാതോലിക്ക സ്ഥാനാരോഹണ വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തർക്കം ഉണ്ടാകുമ്പോൾ പരിഹാരം കാണേണ്ടത് ഈ നാട്ടിലെ നിയമങ്ങൾക്കനുസരിച്ചാണ്. എന്നാൽ ചില വിധികൾ വരുമ്പോൾ കേരളത്തിലെ സർക്കാർ എടുക്കുന്ന സമീപനം വ്യത്യസ്തമാണ്. ഓർത്തഡോക്‌സ്, ശബരിമല വിധികളിൽ അത് പ്രകടമാണ്. വിശ്വാസികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിനു കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല. കാരണം അവിശ്വാസികൾക്ക് വിശ്വാസികളുടെ കാര്യത്തിൽ ഇടപെടുമ്പോൾ ഉണ്ടാകുന്ന പാകപ്പിഴയാകാം.
നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നില്ക്കുന്നതിന് പകരം പല ഭരണകൂടങ്ങളും സ്ഥാപിത താല്പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുകയാണ്. ഇത് അനീതിയാണ്. സെമിത്തേരി ഓർഡിനൻസിൽ ഭരണ പ്രതിപക്ഷങ്ങൾ ഓർത്തഡോക്‌സ് സഭയെ പ്രതിരോധത്തിലാക്കി. ഈ സമീപനം ഈ വിഷയത്തിൽ മാത്രമല്ല പൗരത്വ ഭേദഗതിനിയമത്തിന്റെ കാര്യത്തിലും കാണാം.- അദ്ദേഹം പറഞ്ഞു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.