കോട്ടയം: ആത്മയുടെ നേതൃത്വത്തിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര പ്രാദേശിക ചലച്ചിത്ര മേളയിൽ ഇന്ദ്രൻസിന് ഷാങ്ഹായ് മേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വെയിൽമരങ്ങൾ അടക്കം അഞ്ചു മലയാളചിത്രങ്ങൾ പ്രദർശിപ്പിക്കും.,
ഡോ.ബിജുവാണ് വെയിൽ മരങ്ങളുടെ സംവിധായകൻ. ഗോവ ചലച്ചിത്ര മേളയിലും തിരുവനന്തപുരം ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ച മനോജ് കാനയുടെ ഗിഞ്ചറ, ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും ന്യൂഡൽഹി ദിയോറമാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച സന്തോഷ് മണ്ടൂറിന്റെ ഫീവർ (പനി) , ആർ.കെ കൃഷ്‌ണാനന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരം, ഇറ്റലിയിലെ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ബിരിയാണി എന്നിവയാണ് മലയാള ചിത്രങ്ങൾ.