കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് പാടശേഖരത്തിൽ ട്രാക്‌ടർ അപകടത്തിൽ മരിച്ച രണ്ടു പേർക്കും നാട് വിടനൽകി. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ സംസ്‌കരിച്ചു. അയ്‌മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ പുത്തൻകരിയിൽ ശശിയ്‌ക്കും(മോനി - 56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനുവിനുമാ (മണിക്കുട്ടൻ - 38)ണ് നാട് വിട നൽകിയത്. ശശിയുടെ മൃതദേഹം അയ്‌മനത്തെ വീട്ടുവളപ്പിലും, ഷിനുവിന്റെ മൃതദേഹം മുട്ടമ്പലം നഗരസഭ ശ്‌മശാനത്തിലുമാണ് സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. തുടർന്ന് വിലാപ യാത്രയായാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ വസതികളിലേയ്‌ക്ക് എത്തിച്ചത്. തുടർന്ന്, ഇവിടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകൾ ഇരുവരുടെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് സംസ്‌കാരം നടത്തി.

വെള്ളിയാഴ്‌ച വൈകിട്ട് ആറുമണിയോടെ പനച്ചിക്കാട് ചോഴിയക്കാട് പാടശേഖരത്തിലെ വീപ്പനടികടവിൽ കൃഷിക്കായി നിലം ഒരുക്കുന്നതിനിടെയാണ് ട്രാക്‌ടർ മറിഞ്ഞ് ഇരുവരും മരിച്ചത്. പാടശേഖരം കൃഷിക്കായി ഒരുക്കുന്നതിനിടെ മുൻ ഭാഗം പുൽകൂട്ടത്തിൽ കുടുങ്ങിയ ട്രാക്ടർ തല കീഴായി മറിയുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.