e

പാലാ: പ്രമുഖ അദ്ധ്യാപകസംഘടന കെ.എസ്.ടി.എ രാമപുരം കൊണ്ടാട് ഗവ.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച എൽ.എസ്.എസ്-യു എസ്.എസ് സ്‌കോളർഷിപ്പ് മാതൃകാ പരീക്ഷയെഴുതാൻ ഇത്തവണ നൂറു കണക്കിനു കുട്ടികൾ. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തിയപ്പോൾ സംഘാടകരും അമ്പരന്നു. മുൻവർഷത്തേക്കാൾ ഇരട്ടിയിലേറെ കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതാനെത്തിയത്. രാവിലെ മുതൽ പരീക്ഷാകേന്ദ്രത്തിലേക്ക് കുട്ടികളും രക്ഷിതാക്കളും കൂട്ടത്തോടെയെത്തുകയായിരുന്നു. സംഘാടകരുടെ പ്രതീക്ഷയ്ക്കുമപ്പുറം കുട്ടികളെത്തിയതോടെ കൂടുതൽ ചോദ്യപേപ്പറുകളും, സ്ഥലസൗകര്യങ്ങളും ഒരുക്കേണ്ടി വന്നതിനാൽ രാവിലെ 10ന് നിശ്ചയിച്ചിരുന്ന പരീക്ഷ അരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. യഥാർത്ഥ പരീക്ഷയുടെ അതേ മാതൃകയിൽ രണ്ട് പാർട്ടായി നടത്തിയ പരീക്ഷ ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അവസാനിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ പരീക്ഷാ ഫലം അതത് സ്‌കൂളുകളിൽ എത്തിക്കുമെന്ന് മാതൃകാപരീക്ഷയ്ക്ക് നേതൃത്വം നൽകിയ കെ.എസ്. ടി.എ. നേതാക്കളായ ഏഴാച്ചേരി അനിതാ ബി. നായർ, ബി. സുരേന്ദ്രൻ, ജയ്‌സൺ കെ., അശോക് .ജി ., ഡി.ജലജ എന്നിവർ പറഞ്ഞു. രാമപുരം ഉപജില്ലയിൽ നിന്നും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂൾ, രാമപുരം എസ്. എച്ച്. ഗേൾസ് സ്‌കൂൾ, അരീക്കര സെന്റ് റോക്കീസ് യു.പി. സ്‌കൂൾ, ചക്കാമ്പുഴ ഗവ. യു.പി. സ്‌കൂൾ, കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളെത്തിയത്. മുൻ വർഷങ്ങളിൽ കെ. എസ്. ടി.എ. നടത്തിയ മാതൃകാപരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്കു തന്നെയാണ് യഥാർത്ഥ പരീക്ഷയിലും വിജയമുണ്ടായത്. റിസൽട്ടിലെ ഈ കൃത്യതയാണ് ഇത്തവണ മാതൃകാപരീക്ഷ എഴുതാൻ കൂടുതൽ കുട്ടികളെത്താൻ കാരണം.