കോട്ടയം: ഓട്ടോറിക്ഷ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അതിരമ്പുഴ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സംഘർഷം. യുവാവിന് ഓട്ടോഡ്രൈവർമാരുടെ ക്രൂരമർദനം. തങ്ങളെ കഞ്ചാവ് മാഫിയ ആക്രമിച്ചതായി ആരോപിച്ച് ഓട്ടോഡ്രൈവർമാർ അതിരമ്പുഴയിൽ സമരം നടത്തി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ അതിരമ്പുഴ പള്ളിമൈതാനം ഓട്ടോസ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ.

ഈ ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷയുമായി നിയാസ് എന്ന യുവാവ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ, ഇയാൾ എത്തിയപ്പോൾ മുതൽ പ്രതിഷേധവുമായി ഓട്ടോഡ്രൈവർമാരും രംഗത്ത് എത്തിയിരുന്നു. നിയാസിനെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കാൻ അനുവദിക്കില്ലെന്ന് ഇവിടെ ഓട്ടോ ഓടിക്കുന്ന ഫൈസൽ എന്ന യുവാവ് വെല്ലുവിളിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നിയാസിന്റെ പിതാവിനെ ഫൈസൽ മർദിച്ചു. ഇതിനെ ചോദ്യം ചെയ്യാൻ വെള്ളിയാഴ്‌ച രാത്രി നിയാസും, സുഹൃത്തും നിരവധി ക്രിമിനൽക്കേസ് പ്രതിയുമായ മെൽവിനും സ്ഥലത്ത് എത്തി.

എന്നാൽ, ഓട്ടോ ഡ്രൈവർമാർ സംഘം ചേർന്ന് മെൽവിനെയും, നിയാസിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഇരുപതോളം ഓട്ടോഡ്രൈവർമാർ ചേർന്നാണ് മെൽവിനെ ക്രൂരമായി മർദിച്ചത്. ഈ സമയം ഇതുവഴി പൊലീസ് വാഹനം എത്തിയതോടെയാണ് ഓട്ടോഡ്രൈവർമാർ മർദനം അവസാനിപ്പിച്ചത്. ഇതിനു ശേഷം രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്‌തു. എന്നാൽ, ഇതിനു ശേഷം ഇന്നലെ രാവിലെ ഓട്ടോഡ്രൈവർമാർ ആക്രമണത്തിൽ പ്രതിഷേധിച്ച് പണിമുടക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് മാഫിയ ആണെന്നും ഇവർ ആരോപിക്കുന്നു.