കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി റബർബോർഡിനു സമീപത്തെ മേൽപ്പാലം ഈ മാസം അവസാനത്തോളം പൊളിക്കും. വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റുന്ന ജോലികൾ പൂർത്തിയാകുന്ന മുറയ്‌ക്കു പാലം നിർമ്മാണം ആരംഭിക്കുന്നതിനാണ് റെയിൽവേ നീക്കം. റബർ ബോർഡ് മേൽപ്പാലം കൂടി പൊളിച്ചു പണിതാൽ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ എല്ലാ പാലങ്ങളും പൊളിച്ചു പണിയുന്ന ജോലികൾ പൂർത്തിയാകും. എന്നാൽ, മതിയായ ഗതാഗത ക്രമീകരണം ഒരുക്കാതെ പാലം പൊളിക്കുന്നത് എ.ആർ ക്യാമ്പിലേയ്‌ക്കടമുള്ള ഗതാഗതം തടസപ്പെടുത്തും.

വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് റബർ ബോർഡ് മേൽപ്പാലം പൊളിച്ചു മാറ്റി നീളം കൂട്ടി നിർമ്മിക്കുന്നത്. പാലം പൊളിച്ചു മാറ്റുന്നതോടെ കളക്‌ടറേറ്റിൽ നിന്നും കഞ്ഞിക്കുഴി ഭാഗത്തേയ്‌ക്കുള്ള യാത്രാമാർഗം അടയും. പാലത്തിലൂടെ കടന്നു പോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ പൈപ്പുകളുടെ വെൽഡിംഗും പുരോഗമിക്കുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെയോ, മാർച്ച് ആദ്യവാരത്തോടെയോ പാലം പൊളിക്കും. ഇതിനു മുന്നോടിയായി ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും.

കഞ്ഞിക്കുഴിയിലെ മേൽപ്പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചതിന് ശേഷം റബർ ബോർഡ് മേൽപ്പാലം പൊളിക്കുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, വാട്ടർ അതോറിട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയതിനാലാണ് പാലം പൊളിക്കുന്ന ജോലികൾ വൈകിയത്.

നിർമ്മാണം ഇങ്ങനെ

 പൈപ്പ് ലൈൻ കമ്മിഷൻ ചെയ്‌താൽ മാത്രമേ പാലം പൊളിക്കൂ

 ഉരുക്ക് കോമ്പോസിറ്റ് ഗർഡറുകൾ ഉപയോഗിച്ച് പാലം നിർമ്മിക്കും

 ഗർഡറുകൾ കോൺക്രീറ്റ് ചെയ്‌ത് റോഡ് പൂർത്തിയാക്കും

വാഹനങ്ങൾ വഴിതിരിച്ചു വിടും

കെകെ റോഡിൽ കഞ്ഞിക്കുഴി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗത്തേയ്‌ക്കു പോകേണ്ട വാഹനങ്ങൾ മുള്ളങ്കുഴി ഭാഗത്തു കൂടി, വട്ടമ്മൂട് പാലത്തിലൂടെ എം.സി റോഡിൽ കയറാൻ സാധിക്കും. നഗരത്തിൽ നിന്നു റബർ ബോർഡ്, എ.ആർ. ക്യാമ്പ്, നല്ലിടയൻ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നഗരത്തിൽ നിന്ന് എത്താൻ ഏറെ ചുറ്റേണ്ടിവരും. ഇതോടെ, കെ.കെ. റോഡിലെ തിരക്കു വർദ്ധിക്കാനും കാരണമാകും.

 ആറു മാസത്തിനുള്ളിൽ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി