പൂഞ്ഞാർ : തെക്കേക്കര പഞ്ചായത്ത് ഈറ്റക്കുന്ന് ശുദ്ധവിതരണ പദ്ധതിയിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം. ജലനിധിയുടെ കീഴിലുള്ള പദ്ധതി കമ്മിഷൻ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും വെള്ളം ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ വിജിലൻസിൽ പരാതി നൽകി. 2013 ലാണ് ജലനിധി പദ്ധതിക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. 44 കുടുംബങ്ങളായിരുന്നു ഗുണഭോക്താക്കൾ. 4301 രൂപ ഉപഭോക്തൃവിഹിതമായി അടയ്ക്കുകയും ചെയ്തിരുന്നു.
അടച്ച പണത്തിന് രസീതോ മറ്റ് രേഖകളോ നൽകിയിട്ടില്ല. വെള്ളം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് 4 വർഷം മുമ്പ് പദ്ധതി കമ്മിഷൻ ചെയ്ത കാര്യം അറിഞ്ഞത്. തുടർന്നാണ് ഗുണഭോക്താക്കൾ വിജിലൻസിനും കളക്ടർക്കും പരാതി നൽകിയത്. തലയോലപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർനെഹ്രു ഏജൻസിയാണ് ജലനിധിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയത്.
പരാതിയിൽ പറയുന്നത്
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുപ്പിച്ചിട്ടില്ല
പൈപ്പുകൾ പലയിടങ്ങളിലും കാലപ്പഴക്കത്താൽ നശിച്ചു
നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആഴത്തിൽ പൈപ്പുകൾ കുഴിച്ചിട്ടില്ല
ഒത്തുതീർപ്പുകളും സജീവം
ഗുണഭോക്താക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ജലനിധിയുടെ പഞ്ചായത്തുതല നടത്തിപ്പുകാർ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന ഉറച്ച നിലപാടിലാണ് ഗുണഭോക്താക്കൾ.
പദ്ധതി ആരംഭിച്ചത് : 2013
ഗുണഭോക്താക്കൾ : 40