കോട്ടയം: യഥാർത്ഥ കേരള കോൺഗ്രസ്- എം ഏതെന്നതിനെച്ചൊല്ലി പി.ജെ.ജോസഫും ജോസ് കെ. മാണിയുമായുള്ള തർക്ക കേസിൽ കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ ഇന്ന് അന്തിമ വാദം നടത്തും. ചീഫ് ഇലക്‌ഷൻ കമ്മിഷൻ അവധിയിലായതിനാൽ നേരത്തെ മാറ്റിവച്ച കേസിൽ ഇന്ന് തീർപ്പാകുമെന്ന പ്രതീക്ഷയിലാണ് ഇരു വിഭാഗവും. ഔദ്യോഗിക വിഭാഗമായി ആരെ അംഗീകരിച്ചാലും യു.ഡി.എഫിൽ അത് പൊട്ടിത്തെറിക്ക് വഴിവയ്ക്കും.
അനൂപ് ജേക്കബിനെ ഒപ്പം കൂട്ടി എം.എൽ.എമാരുടെ എണ്ണം നാലാക്കി ശക്തി തെളിയിക്കാൻ ജോസഫ് നീക്കം നടത്തിയെങ്കിലും രണ്ടാം സ്ഥാനത്തിനായുള്ള വിലപേശലിൽ തെറ്റി ലയനത്തിൽ നിന്ന് അനൂപ് പിന്മാറിയതോടെ യു.ഡി.എഫ് സെക്രട്ടറിയായ ജോണി നെല്ലൂരിനെ ലയിപ്പിക്കാൻ നീക്കം മുറുകി. 21ന് കോട്ടയത്തു ചേരുന്ന ജോണി വിഭാഗം യോഗം ലയനം അംഗീകരിക്കുന്നതോടെ യു.ഡി.എഫിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോസഫ്. ഇതിന് കോൺഗ്രസ് ഐ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. കുട്ടനാട് സീറ്റിനെ ചൊല്ലി മാണി ഗ്രൂപ്പിൽ തർക്കം മുറുകിയാൽ ജോണി നെല്ലൂരിനെ യു.ഡി.എഫ് പൊതു സ്വതന്ത്രനായി കൊണ്ടുവരാനാണ് ശ്രമം.
രണ്ട് എം.പിമാരും കൂടുതൽ പഞ്ചായത്ത്- നഗരസഭാംഗങ്ങളും പാർട്ടി ഭാരവാഹികളുമുള്ള തങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. രണ്ടില ചിഹ്നം കമ്മിഷൻ താത്ക്കാലികമായി മരവിപ്പിച്ചതും അനുകൂലമായാണ് അവർ കാണുന്നത്. ജോസഫ് വിഭാഗത്തെ കമ്മിഷൻ അംഗീകരിക്കുകയും, യു.ഡി.എഫ് കുട്ടനാട് സീറ്റും നൽകുകയും ചെയ്താൽ ജോസ് വിഭാഗം ഇടയും. അതിനിടെ, സംസ്ഥാന ബഡ്ജറ്റിൽ കെ.എം.മാണി സ്മാരകത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതോടെ ഇടതു മുന്നണിയുമായി അടുക്കാൻ വഴിയൊരുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.