പാലാ: പുലിയന്നൂർ തേവരുടെ ഉത്സവബലി തൊഴാൻ ആയിരങ്ങൾ. പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലെ ഏറ്റവും സവിശേഷവും ഏറെ ഭക്തജന പങ്കാളിത്തമുള്ളതുമായ ചടങ്ങാണ് ഉത്സവബലിയും ദർശനവും. രണ്ടാം ഉത്സവ നാളായിരുന്ന ഇന്നലെ ഈ വർഷത്തെ ഉത്സവബലി ആരംഭിച്ചു. ഇനി 3, 4, 5 ,6, ഉത്സവ ദിനങ്ങളിലാണ് ഉത്സവബലിയുള്ളത്. തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി , മേൽശാന്തി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണീ ചടങ്ങുകൾ നടക്കുന്നത്. ദിവസവും രാവിലെ 10ന് ഉത്സവബലി ആരംഭിക്കും. 12.30ന് ഉത്സവബലി ദർശനവും തുടർന്ന് പ്രസാദമൂട്ടുമുണ്ട്. ഉത്സവബലി ദർശനത്തിനായി ഭക്തരുടെ നീണ്ട നിര പതിവാണ്. ഉത്സവബലി ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞതായി ദേവസ്വം ഭരണസമിതിയംഗങ്ങളായ ടി.ജെ. ജയന്തൻ നമ്പൂതിരി, പുലിയന്നൂർ പരമേശ്വരൻ നമ്പൂതിരി, ഇ.പി. ശ്രീകുമാരൻ, കെ.ജി. വിഷ്ണു, സുദീപ് നമ്പൂതിരി എന്നിവർ പറഞ്ഞു. ഉത്സവത്തിന്റെ രണ്ടാമത് ദിവസമായിരുന്ന തിരുവരങ്ങിൽ അക്ഷരശ്ലോകസദസ്സ്, തിരുവാതിര കളി, ഓട്ടൻതുള്ളൽ, കഥകളി എന്നിവ നടന്നു. ഇറക്കി പൂജയും, തുടർന്ന് രാത്രി ദീപാരാധനയും, കഥകളിയും നടന്നു.

 പുലിയന്നൂർ ക്ഷേത്രത്തിൽ ഇന്ന്

ശ്രീബലി എഴുന്നള്ളത്ത് 8.30ന്, ഉത്സവബലി 10ന്, നാരായണീയ പാരായണം 10.15ന്, തിരുവാതിര കളി 12ന്, ഈശ്വരനാമ ഘോഷം വൈകിട്ട് 6.30ന്, വിളക്കിനെഴുന്നള്ളിപ്പ് 8.15ന്, നടന തപസ്യ രാത്രി 8.30ന്.