കോട്ടയം : ചെറുപ്പത്തിൽ തന്നെ, ഏറെ കടമകൾ ബാക്കി നിറുത്തി വിട പറഞ്ഞ പി.ജി.രാധാകൃഷ്‌ണന്റെ ഓർമ്മകൾ നഷ്‌ടബോധമുണ്ടാക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ജി രാധാകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാധാകൃഷ്‌ണനിൽ കോട്ടയം ഏറെ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നു. യുവത്വത്തിന് ഏറെ സംഭാവന ചെയ്യാൻ കഴിയുന്ന കാലത്താണ് അദ്ദേഹം വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസമുള്ള യുവാക്കളുടെ അടക്കം ശരീരം വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പേർക്ക് തൊഴിൽ നൽകാനുള്ള മാർഗം പോലും കേരളത്തിൽ ഇല്ല. കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് കേരളത്തിന് പുറത്ത് ജോലി ചെയ്യാൻ മാത്രമേ സാധിക്കൂ. ലോകത്തിന്റെ വിവിധ കോണുകളിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്ത് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പക്ഷേ , മലയാളി യുവാക്കൾക്ക് നാട്ടിൽ തൊഴിൽ എന്നത് അന്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ അവാർഡുകളും തുഷാർ വിതരണം ചെയ്‌തു. പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ യോഗം കൗൺസിലർ എ.ജി തങ്കപ്പനും, സ്‌കോളർഷിപ്പുകൾ ബിനിത് രാധാകൃഷ്‌ണനും സമ്മാനിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് , പി.ജി.ആർ കൾച്ചറൽ സെന്റർ പ്രസിഡന്റ് എം.ജി ശശിധരൻ , ചാന്നാനിക്കാട് പി.ജി.ആർ.എം.എസ്.എൻ കോളജ് പ്രിൻസിപ്പൾ ഡോ. പി.ജി പ്രദീപ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി എന്നിവർ പ്രസംഗിച്ചു.