പാലാ: വിദേശ വിനോദയാത്രാ സംഘത്തിനൊപ്പം ഏറെ ആവേശത്തോടെ കൂടപ്പുലം ഗവ. എൽ. പി. സ്‌കൂളിലെ കുട്ടിക്കൂട്ടം. ബ്രസീൽ, അമേരിക്ക, ജർമ്മനി, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നായി ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തിയ 30 അംഗ വിദേശ സംഘമാണ് കഴിഞ്ഞ ദിവസം കൂടപ്പുലം സ്‌കൂളിലെത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കൂടപ്പുലം സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദേശ വിനോദ സഞ്ചാരികളെ സ്‌കൂളിലേക്ക് ആനയിച്ചത്. കുട്ടികളിൽ നിന്ന് സ്വാഗതപ്പൂക്കൾ ഏറ്റുവാങ്ങിയ സംഘം ഓരോരുത്തർക്കും ഹസ്തദാനം നൽകി സന്തോഷം പ്രകടിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ടി. ഷിജിമോൾ, മുൻ ഹെഡ്മിസ്ട്രസ് ടി.പി. ലളിത, അദ്ധ്യാപികമാരായ ഷാനിയാ തോമസ്, അർച്ചന രാധാകൃഷ്ണൻ ,രാധിക പി. ആർ., പി.ടി.എ. കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് വിദേശ സംഘത്തെ വരവേറ്റു. ഒരു മണിക്കൂറോളം സ്‌കൂളിൽ ചെലവഴിച്ച സംഘം കുട്ടികൾക്കും, അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസു ചെയ്തു. കുമളി, തേക്കടി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം കുമരകത്തേയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് കൂടപ്പുലം ഗവ. സ്‌കൂൾ സന്ദർശിച്ചത്.