theatrer

ചങ്ങനാശേരി: കുട്ടികൾക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി ഒരുങ്ങുന്ന തിയേറ്ററിന്റെ നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങളേറെയായെങ്കിലും അവസാനഘട്ട പ്രവർത്തനങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു. ചങ്ങനാശേരി ഗവൺമെന്റ് ഹൈസ്‌കൂളിനോട് ചേർന്ന് നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2005 ജൂണിൽ കൃഷ്ണകുമാരി രാജശേഖരനായിരുന്നു നിർവഹിച്ചത്. കുട്ടികൾ കാണേണ്ട സിനിമകൾ പ്രദർശിപ്പിക്കാനായി ചങ്ങനാശേരി നഗരസഭയുടെ കീഴിലാണ് 'കുട്ടികളുടെ തിയേറ്റർ" പദ്ധതി ആവിഷ്‌കരിച്ചത്. മുമ്പ് സ്‌കൂളിൽ നടത്തിയ ദൃശ്യകലാ പഠനകളരിയാണ് കുട്ടികളുടെ സിനിമാശാലയെന്ന ആശയസാക്ഷാത്കാരത്തിന് വഴി വെച്ചത്. സ്‌കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന പി.വി. തങ്കസ്വാമിയും ചിത്രകലാദ്ധ്യാപകനായ രഘുശ്രീധറും ചേർന്ന് തയ്യാറാക്കിയ പദ്ധതി നഗരസഭയ്ക്ക് സമർപ്പിച്ചു. നഗരസഭ ഇതിന് പച്ചക്കൊടി കാണിച്ചതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ കുട്ടികളുടെ തിയേറ്ററിന്റെ നിർമ്മാണം തുടങ്ങിയത്.

 പദ്ധതിച്ചെലവ് -- 75 ലക്ഷം രൂപ

 നിർമ്മാണം തുടങ്ങിയത് -- 2005 ജൂണിൽ

 പദ്ധതി ലക്ഷ്യങ്ങൾ

 അഭിരുചിയുള്ള കുട്ടികൾക്ക് ചലച്ചിത്രമേഖലയെക്കുറിച്ച് പഠിപ്പിക്കുന്നതിനുള്ള വേദി

 തിയേറ്ററിനോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമ്യൂസിയം

 മലയാളസിനിമകൾ, വിദേശ സിനിമകൾ തുടങ്ങിയവയുടെ പ്രദർശനം

 തിരക്കഥാരചനയും ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പഠനം

 സിനിമ മേളകൾ, കുട്ടികളുടെ ചലച്ചിത്രകലോത്സവങ്ങൾ സംഘടിപ്പിക്കുക

 തിയേറ്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പെയ്ന്റിംഗ്, വൈദ്യുതീകരണം തുടങ്ങിയവയാണ് ഇനി പൂർത്തിയാകേണ്ടത്. നിർമ്മാണം പൂർത്തീകരിക്കാൻ 1.20 കോടി രൂപ ആവശ്യമായി വരും. മതിയായ ഫണ്ട് ഇല്ലാത്തതിനാലാണ് അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത്. ഇതിലേക്കായി കൂടുതൽ ഫണ്ട് ലഭിക്കുന്നതിന് കോട്ടയം പ്ലാനിംഗ് കമ്മീഷൻ തുക അനുവദിച്ചിട്ടുണ്ട്. മാർച്ച് 5 ന് മുമ്പായി ഇതിനായി പ്ലാൻ ഫണ്ട് സമർപ്പിക്കും

-- ലാലിച്ചൻ കുന്നിപ്പറമ്പിൽ, നഗരസഭ ചെയർമാൻ പറഞ്ഞു