കോട്ടയം : ജില്ലയിൽ ഒന്നര മാസത്തിനിടെയുണ്ടായത് 52 അപകടങ്ങൾ. എം.സി റോഡിൽ മാത്രം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ നടന്നത് ആറോളം അപകടങ്ങൾ. എം.സി റോഡിൽ ചിങ്ങവനം മുതൽ കോടിമത വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടം. നിരത്തുകളിൽ ചോരത്തുള്ളികൾ ചീന്തുമ്പോഴും അധികൃതർ മൗനത്തിലാണ്. അമിതവേഗമാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. എന്നാൽ ഇതിന് കടിഞ്ഞാണിടാനാകുന്നില്ല.
എം.സി റോഡ് ദേശീയ പാതാ നിലവാരത്തിൽ ടാർ ചെയ്‌ത് ഗതാഗതയോഗ്യമാക്കിയതോടെയാണ് അപകടങ്ങളും പെരുകിയത്. കോടിമത നാലുവരിപ്പാതയിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ വേഗതയ്ക്ക് കുറവൊന്നുമില്ല.
തുരുത്തി മുതൽ കോടിമത വരെ വാഹനപരിശോധന പേരിന് പോലുമില്ല. ഈ പത്ത് കിലോമീറ്റർ ദൂരം ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. രണ്ടുവാഹനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. കൺട്രോൾ റൂം വാഹനം ഉണ്ടെങ്കിലും 24 മണിക്കൂറും എം.സി റോഡിൽ പരിശോധന നടത്താൻ സാധിക്കാറില്ല.
അപകടങ്ങൾ -13
മരണം - നാല്
ഒന്നര മാസത്തിനിടെ എം.സി റോഡിൽ മാത്രം 13 അപകടങ്ങളിലായി നാലു മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചിങ്ങവനം പുത്തൻപാലത്തും, പള്ളത്തും, കോടിമതയിലും, ഇന്നലെ മറിയപ്പള്ളിയിലുമുണ്ടായ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞു. തുടർച്ചയായി രണ്ടു ദിവസമാണ് രണ്ടു കിലോമീറ്ററിനിടയിൽ അപകടമുണ്ടായിരിക്കുന്നത്.
പരിശോധന ശക്‌തമാക്കും
അപകടങ്ങൾ കുറയ്‌ക്കാൻ പരിശോധന ശക്‌തമാക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ശക്‌തമായ നടപടിയെടുക്കും.
ബിൻസ് ജോസഫ്
എസ്.എച്ച്.ഒ ചിങ്ങവനം