സർട്ടിഫിക്കറ്റുണ്ടെങ്കിൽ വൈകല്യം 40 ശതമാനമായി കണക്കാക്കും

കോട്ടയം: നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് പഠന വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് വാങ്ങുന്ന സ്‌കൂളുടെ തട്ടിപ്പിന് തടയിട്ട് ഡിസേബിലിറ്റി കമ്മിഷണറുടെ ഉത്തരവ്. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക് 40 ശതമാനത്തിനു മുകളിൽ പഠന വൈകല്യമുണ്ടെന്ന് കണക്കാക്കണമെന്ന ഉത്തരവാണ് കുട്ടികൾക്ക് ആശ്വാസമാകുന്നത്. ഇതോടെ യഥാർത്ഥ പഠന വൈകല്യമുള്ള കുട്ടികൾ ആനൂകൂല്യങ്ങൾക്ക് അർഹരാകുമെന്ന പ്രതീക്ഷയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ പങ്കുവയ്ക്കുന്നത്. റൈറ്റ് ഒഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി (ആർ.പി.ഡബ്യു.ഡി) ആക്ടിലെ 2017 ലെ റൂൾസ് അനുസരിച്ചാണ് ഇപ്പോൾ സംസ്ഥാനത്ത് കുട്ടികൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. പരമാവധി 40 ശതമാനമെങ്കിലും പഠന വൈകല്യം നേരിടുന്ന കുട്ടികളാണ് ആനുകൂല്യങ്ങൾക്ക് അർഹരാകുന്നത്. നിലവിൽ തുടർ പഠനത്തിനും, വിവിധ ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുമായി വിദ്യാർത്ഥികൾ ചെല്ലുമ്പോൾ പഠന വൈകല്യത്തിന്റെ ശതമാനം രേഖപ്പെടുത്താത്തത് കുട്ടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പല സ്ഥാപനങ്ങളിലും ശതമാനമാണ് ആനുകൂല്യങ്ങൾക്ക് മാനദണ്ഡമായി പരിഗണിച്ചിരുന്നത്.