കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് എറണാകുളത്തുള്ള സി.ബി.ഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയിലാണ് സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ സാബുവിനെ ഇന്ന് കൊച്ചി സി.ജെ.എം കോടതിയിൽ ഹാജരാക്കും. സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തതിനെ തുടർന്നുള്ള ആദ്യ അറസ്റ്റാണിത്.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് സാബുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നിരാകരിച്ചത്. എസ്.ഐ സാബു ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.
അതേസമയം, പൊലീസുകാർ ഉൾപ്പെട്ട കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് സി.ബി.ഐ നല്കുന്ന സൂചന. എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാരാണ് പ്രതികളായിട്ടുള്ളത്. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനെയും കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസിനെയും തുടർന്നുള്ള ദിവസങ്ങളിൽ സി.ബി.ഐ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവെങ്കിലും കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ ജൂണിലായിരുന്നു രാജ്കുമാർ കസ്റ്റഡിയിൽ മരിച്ചത്. എന്നാൽ, സംഭവം ലഘൂകരിക്കാൻ ആദ്യം മുതലേ ശ്രമം നടന്നിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ആദ്യ പോസ്റ്റുമോർട്ടത്തിൽ 22 പരിക്കുകളാണ് രേഖപ്പെടുത്തിയതെങ്കിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ ആവശ്യപ്രകാരം മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ 30ലധികം പരിക്കുകളാണ് കണ്ടെത്തിയത്. തുടയിലെയും കണംകാലുകളിലേയും മാംസങ്ങൾ എല്ലിൽ നിന്ന് വേർപെട്ട നിലയിൽ കണ്ടെത്തിയത് ഈ പോസ്റ്റുമോർട്ടത്തിലാണ്. ഇതാണ് രാജ്കുമാർ കിരാതന മർദ്ദനമുറയായ ഉരുട്ടലിന് വിധേയമയതിന് തെളിവായത്.
നെഞ്ച്, വയർ, തുട, ശരീരത്തിന്റെ പിറകുവശം എന്നിവിടങ്ങളിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. വൃക്ക ഉൾപ്പെടെയുള്ള ആന്തരിയവയവങ്ങൾ തകരാറിലായത് പിറകുവശത്ത് ഏറ്റ പരിക്കുകളാണെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. മൃതദേഹം അടക്കിയശേഷം 37-ാം ദിവസമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്.