കോട്ടയം: മൂന്നാറിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് രണ്ടു പേർ തത്ക്ഷണം മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരം.
നെടുമങ്ങാട് സ്വദേശി പുഷ്പാംഗദൻ (60), ആതിരപ്പള്ളി സ്വദേശി രാജേഷ് (30) എന്നിവരാണ് മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശി അജയ് (24), വാടാട്ടുപാറ സ്വദേശി കുര്യാക്കോസ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അജയ്യുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുര്യാക്കോസ് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.
പുഷ്പാംഗദന്റെയും രാജേഷിന്റെയും മൃതദേഹങ്ങൾ ആടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സി.ഐ റെജി കുന്നിപ്പറമ്പൻ ഇന്ന് രാവിലെ ഇൻക്വസ്റ്റ് തയാറാക്കി. ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കല്ലാർ ടൗണിലെ തൊഴിലാളികളാണ് മരിച്ചവരും പരിക്കേറ്റവരും.
ഇന്നലെ അർദ്ധരാത്രിയിൽ മൂന്നാർ പോതമേട്ടിലാണ് സംഭവം. അപകടത്തിൽപ്പെട്ട ജീപ്പിന്റെ ഹെഡ്ലൈറ്റ് പ്രകാശിച്ചുനില്ക്കുന്നതുകണ്ട് പുലർച്ചെ ഒരുമണിയോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മൂന്നാർ സി.ഐ റെജി കുന്നിപ്പറമ്പൻ, എസ്.ഐ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഇവർ എത്തുംമുമ്പേ പുഷ്പാംഗദനും രാജേഷും മരിച്ചിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. രാത്രി കോടമഞ്ഞ് ഉണ്ടായിരുന്നതായും വഴിതെറ്റി കൊക്കയിലേക്ക് പതിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.