കോട്ടയം: തീയെന്നു കേട്ടാൽ പോലും നെഞ്ചിടിപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ദേശമംഗലത്തിന് സമാനമായ ദുരന്തം കോട്ടയത്തും ഉണ്ടാവാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നി‌ർദേശം നൽകിക്കഴിഞ്ഞു. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുതരത്തിലും തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വനത്തിൽ പോകുന്നവർ തീപ്പെട്ടി കൊണ്ടുപോകരുതെന്ന അപേക്ഷയുമുണ്ട്.

തീപടർന്നാൽ ഫയർഫോഴ്‌സുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാണെന്നതാണ് ആശങ്ക. ജില്ലയിൽ പൊന്തൻപുഴ, കോരുത്തോട് ഭാഗങ്ങളിലാണ് പ്രധാന വനമേഖല. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും കത്തിയമർന്നു. വനപ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, വനമേഖലയിൽ താമസിക്കുന്ന വീടുകളിൽ നോട്ടീസ് വിതരണം, ഫയർ ലൈൻ സ്ഥാപിക്കൽ, വാച്ചർമാരെ നിയമിക്കൽ, പോസ്റ്റർ പ്രചാരണം തുടങ്ങിയവയാണ് ആരംഭിച്ചത്. എരുമേലി റേഞ്ചിന് കീഴിലുള്ള വണ്ടംപതാൽ, പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. 3 മുതൽ 10 വരെ പേരടങ്ങുന്ന ഫയർടീമായാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രികാലങ്ങളിൽ ഏതു സമയത്ത് വിളിച്ചാലും എത്തിച്ചേരാൻ സാധിക്കുന്നവരെയാണ് വാച്ചർമാരായി നിയമിച്ചിരിക്കുന്നത്.

മുൻകരുതൽ

ഫയർ ഗാംഗ് എന്ന പേരിൽ ഒരു കൂട്ടം വാച്ചർമാർ

വനത്തിൽ ഫയർ ലൈൻ തെളിക്കൽ പൂർത്തിയായി

കരിയിലകൾ കത്തിച്ച് മാറ്റി ഫയർ ബ്രേക്കറുകൾ

സ്ഥിരമായി തീപിടിക്കുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിൽ

വനാതിർത്തിയിൽ താമസിക്കുന്നവർക്ക് ബോധവത്കരണം

വെല്ലുവിളി

 തീ പിടിച്ചാൽ ഉൾവനത്തിൽ എത്താൻ പ്രയാസം

 ശക്തമായ കാറ്റ് തീയുടെ വ്യാപ്തി വർദ്ധിപ്പിക്കും

 അണയ്ക്കാൻ ഫയർ റെസ്പോണ്ടന്റ് വാഹനമില്ല

 എല്ലായിപ്പോഴും ഫയർഫോഴ്സ് സേവനം ഉറപ്പില്ല

ഇതുവരെ

കത്തിയത്

30.76 ഏക്കർ


'' കാട്ടുതീ തടയാൻ ബോധവത്കരണ ക്ലാസുകൾ നടക്കുകയാണ്. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുന്നു. വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനത്തിലേയ്ക്ക് വിറകും മറ്റും ശേഖരിക്കാൻ പോകുന്നവരുടെ കൈയിൽ തീപ്പെട്ടിയും മറ്റുമുണ്ടെങ്കിൽ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്''

ഡി.എഫ്.ഒ, കോട്ടയം