കോട്ടയം: രണ്ടു ദിവസം അൽപ്പം ചൂടു കുറഞ്ഞെങ്കിലും ഇന്നലെ കോട്ടയം ചുട്ടുപൊളിച്ചു. കോട്ടയത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയായിരുന്നു ഇന്നലെയും. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് 37.8 ഡിഗ്രിയെന്ന റെക്കാഡ് ചൂട് രേഖപ്പെടുത്തുന്നത്.
ഇന്ന് കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ പകൽ താപനില രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ചൂട് സാധാരണ നിലയിൽ നിന്ന് കുറയുകയാണുണ്ടായത്. ഞായറാഴ്ചയിലെ ഉയർന്ന പകൽതാപനില 35.7 ഡിഗ്രി സെൽഷ്യസായിരുന്നു.
അതേസമയം, ചൂട് 37 ഡിഗ്രി കവിഞ്ഞ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതിനു മുൻപ് തുടങ്ങിയ കടുത്ത ചൂട് ഈ മാസം രണ്ടാം വാരത്തിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട്, പുനലൂർ മേഖലകളിൽ അനുഭവപ്പെടുന്നതിനേക്കാൾ രണ്ടും മൂന്നും ഡിഗ്രി മുകളിലാണ് കോട്ടയത്തെ ചൂട്.