ഈരാറ്റുപേട്ട : വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നിസഹകരണവും അനാസ്ഥയും കാരണം ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം പാളി. ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തിയ പരിശോധനകൾ പിന്നീട് ഇല്ലാതെ പോയതാണ് നിരോധനത്തെ ദുർബലപ്പെടുത്തിയത്. ജനങ്ങളിൽ വലിയൊരു വിഭാഗം തുണി സഞ്ചികളിലേക്ക് മാറിയെങ്കിലും നിരോധനം നടപ്പിൽ വരുത്തേണ്ട വകുപ്പുകൾ അനാസ്ഥ തുടരുകയാണ്.

ഒറ്റപ്പെട്ട പരിശോധനകൾ നടന്നെങ്കിലും വ്യാപാരികളുടെ എതിർപ്പ് മൂലം നിലച്ചു. ഹോട്ടലുകളിൽ കറികൾ പാഴ്‌സൽ നൽകാൻ ബദൽ സംവിധാനമായിട്ടില്ല. ഇപ്പോഴും നേർത്ത പ്ലാസ്റ്റിക് കവറുകളിലാണ് ചൂട് മീൻകറിയും ചിക്കൻകറിയുമൊക്കെ നൽകുന്നത്. അലുമിനിയം ഫോയിൽ പേപ്പർ എന്ന പേരിൽ അലുമിനിയത്തിന്റെ നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ എത്തുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണി സഞ്ചികൾ, ശീതള പാനീയങ്ങൾ കുടിക്കാൻ പ്ലാസ്റ്റിക് സ്‌ട്രോകൾക്ക് പകരം പേപ്പർ സ്‌ട്രോ, ആഘോഷങ്ങൾക്ക് ഐസ് ക്രീമും ഫ്രൂട്ട് സലാഡും നൽകാൻ പാള പാത്രങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന തടി സ്പൂണുകൾ, ഭക്ഷണം പൊതിയാൻ വാഴയില തുടങ്ങി ബദൽ മാർഗങ്ങൾ ഒരുപാട് വിപണിയിലെത്തി. എന്നാൽ നിരോധനം പൂർണായി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ഇനിയും സാധിച്ചിട്ടില്ല.