തലയോലപ്പറമ്പ് : പതിനായിരങ്ങൾ മാസവാടക നൽകി സബ് രജിസ്ട്രാർ ഓഫീസ് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അവസാനമാകുന്നു. സബ് രജിസ്ട്രാർ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതോടെ സഫലമാകുന്നത് ഏറെ നാളായുള്ള ആവശ്യം. ഓഫീസ് പ്രവർത്തനം 24ന് ആരംഭിക്കും. താഴത്തെ നിലയിലെ ഹാൾ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിനായി വേർതിരിച്ച് സേഫ് റൂം പണിത് താക്കോൽ രജിസ്‌ട്രേഷൻ വകുപ്പിന് പൊതുമരാമത്ത് വകുപ്പ് കൈമാറിയിരുന്നു. സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് ഒരുകോടിയിലധികം രൂപ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചതെങ്കിലും പല ഓഫീസുകളും പ്രവർത്തിച്ചിരുന്നത് വാടകക്കെട്ടിടങ്ങളിലായിരുന്നു. അതുകൊണ്ട് പല ഓഫീസുകളും കാര്യമായി പ്രയോജനപ്പെടുന്നില്ലെന്ന പരാതിയുമായി ജനങ്ങളും രംഗത്തെത്തി. ഒടുവിൽ കെട്ടിടത്തിന്റെ പ്രധാന ഭാഗമായ താഴത്തെ നില സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. അതിന്റെ ഫർണീഷിംഗ് ഉൾപ്പടെയുള്ളവ നടത്തി ബോർഡ് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 24 മുതൽ സബ് രജിസ്ട്രാർ ഓഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിക്കുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമാകും. സിവിൽ സ്റ്റേഷനിലേക്ക് രജിസ്ട്രാർ ഓഫീസ് മാറ്റുന്നതുമയി ബന്ധപ്പെട്ട് നിലവിലുള്ള ഫയലുകൾ സ്‌ട്രോംഗ് റൂമിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.
3.5 ലക്ഷം രൂപയുടെ നവീകരണം
സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിന് കുറച്ചു കൂടി സ്ഥലസൗകര്യം ആവശ്യമാണെന്ന് പിന്നിട് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം 3.5 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നായി കിടക്കുന്ന ഹാൾ കബോർഡ് വർക്ക് നടത്തി വേർതിരിച്ച് രജിസ്‌ട്രേഷൻ വകുപ്പ് നിർദ്ദേശിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീരിച്ച ശേഷം അതിന്റെ താക്കോൽ കൈമാറിയത്.