മുത്തോലി : 'പരമല ചെമ്മനാനിക്കൽ റോഡാണോ, അതോ ചെറുപുഷ്പം ചെമ്മനാനിക്കൽ റോഡാണോ? ' റോഡിന്റെ പേര് പോലും കൃത്യമായി അറിയാത്ത പഞ്ചായത്ത് മെമ്പർമാരുള്ള നാട്ടിൽ റോഡ് നന്നായെങ്കിലല്ലേ അത്ഭുതമുള്ളൂ! മുത്തോലി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ അതിരിടുന്നതും നാട്ടുകാർ സ്‌നേഹപൂർവം 'ചെറുപുഷ്പം കവല ശ്രീകുരുംബക്കാവ് ' റോഡെന്നും വിളിക്കുന്ന പഞ്ചായത്ത് വഴിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. പുലിയന്നൂർ - വള്ളിച്ചിറ റോഡിൽ ചെറുപുഷ്പം കവലയിൽ നിന്ന് തിരിയുന്ന റോഡ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് തന്നെ 'കുഴി'യിലേക്കാണ്. കയറ്റം കയറുമ്പോൾ തുടങ്ങുന്ന കുണ്ടും കുഴിയും റോഡിന്റെ അവസാനം വരെ അവശേഷിക്കുന്നു.
ഒന്നരകിലോ മീറ്ററോളം നീളമുള്ള റോഡ് ടാർ കണ്ടിട്ട് ഏഴു വർഷമായെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാംവാർഡ് മെമ്പർ ജോണി മൂത്തശ്ശേരിയുടെ അഭിപ്രായത്തിൽ ഇത് 'പരമല ചെമ്മനാനിക്കൽ റോഡാണ്. ' തന്റെ വാർഡിലൂടെ കടന്നുപോകുന്ന റോഡ് ഭാഗം നന്നാക്കിയിട്ടുണ്ടെന്നും 'തിരുമേനി 'യുടെ (മൂന്നാം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ നമ്പൂതിരി ) വാർഡിലെ റോഡാണ് കൂടുതൽ മോശമെന്നും ജോണി പറയുന്നു. റോഡ് പണിക്ക് ടെണ്ടർ നടപടികൾ വരെ ആയതാണെങ്കിലും പണി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പ്രശ്‌നമെന്നും ഇദ്ദേഹം പറഞ്ഞു.
2, 3, വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പേര് 'ചെറുപുഷ്പം ചെമ്മനാനിക്കൽ റോഡ് ' എന്നാണെന്ന് മൂന്നാം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ നമ്പൂതിരി പറയുന്നു. രണ്ട് ലക്ഷത്തിൽപ്പരം രൂപയ്ക്ക് റോഡ് പണി ഉടൻ നടത്തുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പക്ഷെ ഇതൊന്നും വിശ്വസിക്കാൻ നാട്ടുകാർ തയ്യാറല്ല. കുറെ കണ്ടതല്ലേ വാഗ്ദാനങ്ങൾ.

റോഡിലൂടെ കാൽനടയാത്രയും അസാദ്ധ്യം

ഓട്ടോറിക്ഷയും ഓട്ടം വരാൻ മടിക്കുന്നു

വന്നാൽ തന്നെ ഇരട്ടിക്കൂലി ഈടാക്കും


പ്രതിഷേധമായി ആക്ഷേപ കവിത
' മുത്തോലിയും ശരി മൂത്തശ്ശേരിയും ശരി, തിരുമേനി കനിഞ്ഞാലും
റോഡൊന്ന് പണിതാലും. ആരോടും പറയാൻ ഞാനശരണൻ,
പക്ഷേ പൊതുജനം കാണുമീ തോന്ന്യാസമോർത്തോളൂ,
'മൂത്തതും ' ശരി 'ഇളയതും ' ശരി,
ഇനി വോട്ടു ചോദിച്ചിട്ടീ, പടി ചവിട്ടീടൊല്ലാ'

തകർന്ന റോഡ് പണിയാതിരിക്കുന്ന അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ പ്രമുഖ ഹാസ്യ സാഹിത്യകാരൻ കൂടിയായ പ്രദേശവാസി രവി പുലിയന്നൂർ, ഇന്നലെ മുത്തോലി പഞ്ചായത്ത് പ്രസിഡന്റിനും, വാർഡ് മെമ്പർമാർക്കും എഴുതി അയച്ച പ്രതിഷേധക്കവിതയിലെ വരികൾ.


കണ്ണുതുറപ്പിക്കാൻ ഒളിച്ചേ കണ്ട കളി
ചെറുപുഷ്പം ശ്രീകുരുംബക്കാവ് റോഡിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ മെമ്പർമാരുടെ വീട്ടു പടിക്കൽ 'ഒളിച്ചേ കണ്ടേ' കളിക്കാനൊരുങ്ങുകയാണ് നാട്ടിലെ ഒരു സംഘം ചെറുപ്പക്കാർ.