കോട്ടയം: കേരളകോൺഗ്രസ് (എം ) ഔദ്യോഗിക വിഭാഗം ജോസോ ജോസഫോ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വാദം പൂർത്തിയായി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ വിധിപറയാൻ മറ്റിയതോടെ തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായി ഇരു വിഭാഗവും. ഈ മാസം തീരുമാനം ഉണ്ടായേക്കുമെന്നതിനാൽ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാൻ കഴിഞ്ഞേക്കും. നിലവിൽ ചിഹ്നം കമ്മിഷൻ മരവിപ്പിച്ചിരിക്കുകയാണ്.

രണ്ട് എം.പിയും രണ്ട് എം.എൽ.എയും കൂടുതൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമുള്ള ജോസ് വിഭാഗം ജോസഫിലും കൂടുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ്. ചിഹ്നം നൽകാനുള്ള ജോസഫിന്റെ അവകാശം എടുത്തു മാറ്റി താത്ക്കാലികമായി ചിഹ്നം മരവിപ്പിച്ചതും അനുകൂലഘടകമായി ജോസ് വിഭാഗം കാണുന്നു . അതേ സമയം ചെയർമാൻ കെ.എം.മാണിയുടെ മരണത്തോടെ വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫിന് ചെയർമാന്റെ അധികാരചുമതല ലഭിച്ചതും ഒരു എം.എൽ.എ അധികമുള്ളതും പാലാ ഉപതിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിലും രണ്ടില ചിഹ്നം ഉപയോഗിക്കാൻ അനുമതി ലഭിച്ചതും തങ്ങൾക്ക് സഹായകമാകുമെന്ന വിശ്വാസത്തിലാണ് ജോസഫ് വിഭാഗം.

പ്രത്യാഘാതങ്ങൾ

 പ്രഖ്യാപനം യു.ഡി.എഫിൽ പൊട്ടിത്തെറി ഉണ്ടാക്കും

 രണ്ടില ലഭിക്കുന്ന ഗ്രൂപ്പിന് കുട്ടനാട് സീറ്റ് ലഭിക്കാം

 എതിർ വിഭാഗം റിബൽ സ്ഥാനാർത്ഥിയെ നിറുത്താം

 ഫലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവി

 എതിർ ഗ്രൂപ്പ് മുന്നണി വിടുന്നതിൽ വരെ എത്താം