കോട്ടയം: പട്ടിക വിഭാഗക്കാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഇടനിലക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്ത് പട്ടിക വിഭാഗ സംഘടനകൾ കാട്ടണം. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പട്ടികജാതി കോളനികൾ ഏറ്റെടുക്കാൻ എം.എൽ.എമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് രണ്ടു കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകി. എന്നാൽ ഒരു രൂപ പോലും സർക്കാർ നൽകിയില്ല. മറ്റെല്ലാ ധൂർത്തുകൾക്കും പണമുള്ള സർക്കാരിനാണ് പട്ടികജാതി കോളനികളുടെ കാര്യം നോക്കാൻ പണമില്ലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി സി.കെ. സനിൽകുമാർ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ. സോന, സംസ്ഥാന ഖജാൻജി കെ.കെ. വിജയൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ശശികുമാർ, സാംബവ മഹാസഭാ സെക്രട്ടറി സത്യശീലൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ബാബു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.കൃഷ്‌ണകുമാർ, ടി.കെ. തങ്കച്ചൻ, സംസ്ഥാന സെക്രട്ടറിമാരായ മുട്ടമ്പലം ശ്രീകുമാർ, കെ.കെ. രാജു, പി.ആർ.ഒ എസ്.കണ്ണൻ എന്നിവർ പ്രസംഗിച്ചു.