വൈക്കം: സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന കൈയ്യേറ്റങ്ങളും പീഡനങ്ങളും തടയാൻ സ്ത്രീ സമൂഹത്തിന്റെ സംഘടിത ശക്തി ആവശ്യമാണെന്ന് കുടുംബകോടതി മുൻ ജഡ്ജി അഡ്വ. എൻ. ലീലാമണി പറഞ്ഞു. കുടുംബകോടതികളിൽ കേസുകൾ കൂടുതലാകുന്നത് നിയമത്തിന്റെ പരിരക്ഷ ഇല്ലാത്തതു കൊണ്ടല്ല, കുടുംബബന്ധങ്ങളിലെ വിട്ടുവീഴ്ചാ മനോഭാവം നഷ്ടപ്പെടുന്നതുകൊണ്ടാണെന്നും അവർ പറഞ്ഞു. കേരള വേലൻ മഹിളാ മഹാജനസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ആശാമോൾ അദ്ധ്യക്ഷത വഹിച്ചു. 'സ്ത്രീ ശാക്തീകരണവും പട്ടികജാതി വിഭാഗവും" എന്ന വിഷയത്തിൽ അഡ്വ. ജിഷ അശോകൻ ക്ലാസെടുത്തു. കേരള വേലൻ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ. ഇ. മണിയൻ, രക്ഷാധികാരി ഡി. എസ്. പ്രസാദ്, സംസ്ഥാന ട്രഷറർ പി. വി. ഷാജിൽ, സംസ്ഥാന ജോ. സെക്ര. ഷാജി, മഹിളാ മഹാജനസഭ ജനറൽ സെക്രട്ടറി ലളിത ശശിധരൻ, ഈശ്വരി അനിൽകുമാർ, കെ. കെ. സുലോചന, എം. ആർ. ശാന്ത, കെ. എം. ലൗജൻ, എ. വി. അജി, എസ്. എസ്. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.