കോട്ടയം: വേനൽ കനത്തതോടെ ആകെ ഉഷാറായത് പഴം വിപണിയാണ്. എന്നുമാത്രമല്ല, നല്ല കച്ചവടവും നടക്കുന്നണ്ട്. വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കണമെന്ന അറിവ് വിപണിയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.തണ്ണിമത്തനെയാണ് വേനൽക്കാലത്ത് സാധാരണക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. സാദാ തണ്ണിമത്തന് കിലോയ്ക്ക് 20 രൂപയാണ് വില. തണ്ണിമത്തൻ കിരണ്ന് 25 ഉം മഞ്ഞയ്ക്ക് 30 രൂപയും കൊടുക്കണം. ഓറഞ്ചിന് ഒന്നര കിലോക്ക് 100 രൂപയാണ്. എന്നാൽ ഗുണംകുറഞ്ഞ ഓറഞ്ചാണെങ്കിൽ രണ്ടു കിലോ വരെ കിട്ടും.

ആപ്പിളിന് വില 160 രൂപയാണ്. കുരുവില്ലാത്ത മുന്തിരിക്ക് 120 രൂപയും സാദാ മുന്തിരിക്ക് 60 രൂപയുമാണ് ഇന്നലെത്തെ വില. വെള്ള മുന്തിരി ലഭിക്കണമെങ്കിൽ 110 രൂപ നല്കണം.കിലോയ്ക്ക് 20 രൂപയിൽ കിടന്ന കൈതചക്കക്ക് വില ഇരട്ടിയിലധികമായി. 45 രൂപയാണ് ഇന്നലെ വില. മാധുര നാരങ്ങയ്ക്ക് 130 രൂപ കൊടുക്കണം. ചെറുനാരങ്ങയ്ക്ക് മൂന്ന് കിലോയ്ക്ക് 100 രൂപയും. പേരയ്ക്കയുടെ വിലയും കൂടിയിട്ടുണ്ട്. 60 രൂപയിൽ നിന്ന് 80ലെത്തിയിട്ടുണ്ട്. പൊട്ടുവെള്ളരിക്ക് 60 രൂപയാണ് വില. വേനൽ കഠിനമായതോടെ കരിക്കിന്റെ വില 40 രൂപയായി. വെള്ളരിക്ക 40 രൂപയാണ്, പപ്പായക്കും പത്തു രൂപകൂടി 60 രൂപയിലെത്തി. പച്ചമാങ്ങ മാർക്കറ്റിൽ വരുന്നുണ്ടെങ്കിലും പഴമാങ്ങ എത്തിത്തുടങ്ങിയിട്ടില്ല.

വേനൽ കനത്താൽ വ്യാധിക്ക് സാദ്ധ്യത

കോട്ടയത്ത് ഇന്നലെ 37.8 ഡിഗ്രി സെൻഷ്യസ് ചൂട് രേഖപ്പെടുത്തിയെങ്കിലും 40 ഡിഗ്രിയുടെ തീവ്രതയാണ് അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ റോഡിൽ ഇറങ്ങാൻ ജനം മടിക്കുകയാണ്. വെളുപ്പിനെ എന്തെങ്കിലും വാങ്ങാൻ നഗരത്തിലെത്തുന്നവർ പത്തുമണിയോടെ തിരികെ വീടുകളിൽ ചേക്കേറുകയാണ് പതിവ്. പിന്നെ, റോഡിൽ ഇറങ്ങണമെങ്കിൽ നാലു മണി കഴിയണം. അതിനാൽ കോട്ടയം നഗരം പൊതുവെ വിജനമാണ്.

വേനൽക്കാലത്ത് പത്തുഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, പനി എന്നിവ പടരാനുള്ള സാദ്ധ്യതയും എറെയാണ്. വേനൽ കടുത്തതോടെ മൂത്രാശയ രോഗങ്ങൾ, മൂത്രാശയക്കല്ല്, പഴുപ്പ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാദ്ധ്യതയും ഏറെയാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കുറയും. നിർജ്ജലീകരണത്തിന് പരിഹാരമെന്ന നിലയിൽ ശുദ്ധമായ വെള്ളം കുടിക്കുന്നതാണ് നല്ലത്.

വേനൽക്കാലത്ത് ദ്രവരൂപത്തിലുള്ളതും സസ്യാഹാരങ്ങൾക്കും പ്രാധാന്യം നൽകണം. മത്സ്യം, ഇറച്ചി, ബിരിയാണി തുടങ്ങിയവ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളമേ ഉപയോഗിക്കാവു. ആവിയിൽ പുഴുങ്ങിയ പ്രഭാത ഭക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും അപ്പം, ഇഡലി, ഇടിയപ്പം തുടങ്ങിയവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവ കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.