കോട്ടയം: ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് പുലർച്ചെ മരിച്ചു. റാന്നി അടിച്ചിപ്പുഴ വിനീതയാണ് (38) മരിച്ചത്. യുവതിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇതേ തുടർന്ന് വിനീതയ്ക്കൊപ്പം കഴിഞ്ഞിരുന്ന ശ്രീനിപുരം തടക്കവയലിൽ മനുവിനെ (38) എരുമേലി സി.ഐ മധു പൊലീസ് നിരീക്ഷണത്തിലാക്കി. പൊള്ളലേറ്റ മനുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഗുരുതരമല്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്താലുടൻ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
വിനീത സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് മനു പൊലീസിൽ മൊഴിനൽകിയത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി എന്നെ കത്തിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് വാഹനത്തിലാണ് യുവതിയെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച പുലർച്ചെയിലായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും യുവതിക്ക് ബോധം തെളിയാതിരുന്നതിനാൽ സാധിച്ചില്ല. വിവാഹിതരും കുട്ടികളുമുള്ള ഇവർ ഒരു വർഷമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. മരംവെട്ട് തൊഴിലാളിയാണ് മനു. ഒരു മാസം മുമ്പാണ് ശ്രീനിപുരത്ത് ഇവർ താമസം മാറ്റിയത്. മദ്യപാനിയായ മനു വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ സി.ഐ മധു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് തയാറാക്കി. വിനീതയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.