വൈക്കം : വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി മാനേജിംഗ് ഡയറക്ടറെ പുറത്താക്കണമെന്ന് ഹിന്ദുസ്ഥാൻ മേഖല ന്യൂസ് പ്രിന്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. മാനേജിംഗ് ഡയറക്ടർ ഏകാധിപതിപ്പോലെ പ്രവർത്തിക്കുകയാണെന്നും തൊഴിലാളികൾക്ക് ശമ്പളം നല്കാതെ കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി വില്പനയ്ക്കു വയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ വിശ്വസ്തനായി അദ്ദേഹം നിലകൊള്ളുകയാണെന്നും യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന സർക്കാർ കമ്പനിക്ക് അനുവദിച്ചിട്ടുള്ള വനഭൂമി കാത്തു സൂക്ഷിക്കുന്നതിന് തയ്യാറാകാതെ കാട്ടു തീ പടർന്ന് മൂന്നു പേർ മരിക്കാനിടയായ സംഭവത്തിൽ അദ്ദേഹത്തിന്റെ അനാസ്ഥ പരിശോധിക്കണം. 687 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എച്ച്.എൻ.എൽ ഇന്ന് ശ്മശാന മൂകതയിലാണ്. എച്ച്.എൻ.എൽ കുടിവെള്ള പദ്ധതി, റോഡ് വികസനം, പഞ്ചായത്ത് ടാക്സ് തുടങ്ങി എല്ലാ രംഗത്തും പ്രതിസന്ധി സൃഷ്ടിക്കാൻ മാത്രമാണ് ഇപ്പോൾ സാധിച്ചിട്ടുള്ളത്. എച്ച്.എൻ.എൽ സംസ്ഥാന ഗവൺമെന്റിനെ ഏല്പിക്കുന്നതിനുള്ള നടപടികളെ അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കവും ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നതായും തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനുള്ള അടിയന്തിര നടപടി ഉണ്ടാവണമെന്നും യൂണിയൻ പ്രസിഡന്റ് ടി.എൻ.രമേശൻ, വൈസ് പ്രസിഡന്റ് ടി.എൻ.സദൻ, സെക്രട്ടറി കെ.ഡി.വിശ്വനാഥൻ എന്നിവർ പറഞ്ഞു.