ചങ്ങനാശേരി: വേനലിന്റെ കാഠിന്യം വർദ്ധിക്കുന്നത് മറ്റ് പല മേഖലകളെപ്പോലെ ക്ഷീരമേഖലയേയും പ്രതിസന്ധിയിലാക്കുന്നു. പച്ചപ്പുലിന്റെ കുറവും കുടിവെള്ളക്ഷാമവും മൂലം ക്ഷീരകർഷകർ നട്ടം തിരിയുകയാണ്. പശു, എരുമ, ആട് എന്നിവയുടെ പരിപാലനവും കഷ്ടത്തിലായി. കാലിത്തീറ്റ വിലവർദ്ധനവും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. പാലിന്റെ ഉത്പാദനം കുറഞ്ഞത് വരുമാനത്തെയും സാരമായി ബാധിച്ചു. പാലിന് ലിറ്ററിന് 50 രൂപ വില കിട്ടുന്നുണ്ടെങ്കിലും ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കർഷകർക്ക് നേട്ടമൊന്നും ഉണ്ടാകുന്നില്ല. പച്ചപ്പുല്ലിന് ക്ഷാമം ഏറിയതോടെ കച്ചി വാങ്ങിയാണ് ഭൂരിഭാഗം കർഷകരും പശുക്കൾക്ക് നൽകുന്നത്. ചൂട് കൂടിയതിനാൽ പുല്ലുകൾ ഏറെയും കരിഞ്ഞുണങ്ങിയ നിലയിലാണ്. തീറ്റപ്പുല്ല് കൃഷിയും താരതമ്യേന കുറവാണ്.
ഒരു ലോഡ് കച്ചിക്ക് 7000 മുതൽ 8000 രൂപ വരെ നൽകണം. കുട്ടനാട്, പടിഞ്ഞാറൻ മേഖലകളിൽ നിന്നാണ് കച്ചി ഏറെയും വാങ്ങുന്നത്. ആവശ്യക്കാർ കൂടിയതോടെ കച്ചിയും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വീട്ടിലെത്തിച്ചു നൽകുന്നവരുമുണ്ട്. ഇതിന് പണം കൂടുതലാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെത്തി കച്ചി വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്.
കാലീത്തീറ്റ വില ഉയർന്നു
കാലിത്തീറ്റ വില വർദ്ധിച്ചതും കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞ വർഷത്തേക്കാൾ 100 രൂപയുടെ വില വർദ്ധനവാണ് ഉണ്ടായത്. 1350 രൂപയാണ് ഒരുചാക്ക് കാലിത്തീറ്റയുടെ വില. കറവയുള്ള പശുവിന് ശരാശരി നാലു കിലോ കാലിത്തീറ്റയെങ്കിലും നൽകണം. കച്ചിയും, കാലിത്തീറ്റയ്ക്കും പുറമെ വെള്ളം വാങ്ങി പശുവിനെ പരിചരിപ്പിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
കാലിത്തീറ്റ വിലയ്ക്ക് പുറമെ കച്ചിയും, വെള്ളവും വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഇങ്ങനെ തുടർന്നാൽ കർഷകർ പശുക്കളെയും മറ്റും വിൽക്കേണ്ടുന്ന സ്ഥിതിയാണ് -- കെ.ശശി വട്ടയ്ക്കാട്ട്, ക്ഷീര കർഷകൻ