വൈക്കം : കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥ മൂലം കടകളിലെ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചതായി പരാതി. വടക്കേനട ദേവസ്വം കെട്ടിടത്തിലെ കടകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉപകരണങ്ങൾ നശിച്ചത്. എൺപതിൽ സ്റ്റോഴ്സ് എന്ന കടയിൽ 14ന് വൈകിട്ട് 7.30 ഓടെ ഫോട്ടോസ്റ്റാറ്റ് മെഷീനും ബൾബുകളും കത്തി. പവർ വേരിയേഷൻ ശ്രദ്ധയിൽപ്പെട്ട കടയുടമ ആനന്ദബാബു സമീപത്തെ കടകളിലെ ഫ്യൂസ് ഊരി വയ്പിച്ചു. പരാതിപ്പെട്ടതിനെ തുടർന്നെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരോട് വൈദ്യുതി ലൈനിൽ പ്രശ്നമുണ്ടെന്നും അത് പരിഹരിക്കണമെന്നും പറഞ്ഞെങ്കിലും അവർ അത് കണക്കിലെടുക്കാതെ കടകളിലെ ഫ്യൂസ് കുത്താൻ പറഞ്ഞതായി കടയുടമകൾ ആരോപിക്കുന്നു. സുരേഷ് എന്ന കടയുടമ ഫ്യൂസ് പുനസ്ഥാപിച്ച ഉടൻ തന്നെ കടയിലെ ബൾബുകൾ അത്രയും കേടായി. ആയിരത്തിനടുത്ത് വില വരുന്ന എൽ.ഇ.ഡി ബൾബുകളാണ് പോയത്. അതിന് ശേഷമാണ് ലൈനിലെ പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ തയ്യാറായതെന്നും ഇവർ പറയുന്നു. ഇവിടെ വൈദ്യുതി വിതരണത്തിൽ തകരാറുകൾ പതിവാണ്. കെ.എസ്.ഇ.ബി വൈക്കം ഓഫീസിലേക്ക് ഫോണിൽ വിളിച്ചാൽ ഒരിക്കലും കിട്ടാറില്ലെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് തിരുവനന്തപുരത്തെ കസ്റ്റമർ കെയറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുകയാണ് പതിവ്. വൈദ്യുതി വിതരണത്തിലെ തകരാറുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് കടയുടമകളുടെ ആവശ്യം.