അറ്റകുറ്റപ്പണിക്ക് 2.70 ലക്ഷം അനുവദിച്ചു
മുത്തോലി : പഞ്ചായത്ത് മെമ്പർമാർ തമ്മിൽ റോഡിന്റെ പേരിനെച്ചൊല്ലി ഇനി തർക്കം വേണ്ട. ഒടുവിൽ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പിച്ചു. പഞ്ചായത്തിലെ 2,3 വാർഡുകൾ അതിരിടുന്നത് 'ചെറുപുഷ്പം ചെമ്മനാനിക്കൽ റോഡ് ' തന്നെ. മൂന്നാം വാർഡ് മെമ്പർ കൂടിയായ ബി.ജെ.പി പ്രതിനിധി സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞ പേരാണ് ശരിയെന്ന് പ്രസിഡന്റ് അഡ്വ. ജിസ് മോളും സമ്മതിക്കുന്നു. 2.70 ലക്ഷം രൂപ റോഡ് അറ്റകുറ്റപ്പണിക്കായും അനുവദിച്ചു. ഉടൻ ടെണ്ടർ ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ പണി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും പേരിനെച്ചൊല്ലിയുള്ള തർക്കവും ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 7 വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരുന്നു. യാത്രാക്ലേശം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ നിരന്തരം പരാതി പറഞ്ഞ് മടുത്തിരുന്നു.