പാലാ : ഇത് മോശമാട്ടോ, ഇങ്ങനെയൊരു വെയിറ്റിംഗ് ഷെഡ് മുത്തോലി പഞ്ചായത്തിനാകെ നാണക്കേടാട്ടോ. എട്ടുവർഷം തുടർച്ചയായി ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിന് കിട്ടിയ ട്രോഫികൾ ഇപ്പോഴും പഞ്ചായത്തോഫീസിന്റെ പൂമുഖ മുറിയിൽ അഭിമാനത്തിളക്കവുമായി ഇരിപ്പുണ്ടെന്നത് ഓർമ്മവേണം. പറഞ്ഞു വരുന്നത്, പുലിയന്നൂർ വള്ളീച്ചിറ റോഡിലെ ശ്രീകുരുംബക്കാവ് റോഡ് ജംഗ്ഷനിലുള്ള വെയിറ്റിംഗ് ഷെഡിനെ കുറിച്ചാണ്. പഞ്ചായത്ത് നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റെ ഇപ്പോഴത്തെ കോലം അത്രമേൽ നാണക്കേടാണ്.

വർഷങ്ങൾക്ക് മുൻപ് ഇതുവഴി ബസ് സർവീസ് ഉണ്ടായിരുന്നപ്പോൾ നിർമ്മിച്ച വെയിറ്റിംഗ് ഷെഡാണ്. വാഹനമിടിച്ച് ഇതിന്റെ തൂണുകൾ ഒടിഞ്ഞും വളഞ്ഞുമാണിരിക്കുന്നത്. മേൽക്കൂരയിലെ ഷീറ്റുകളുടെ കോലം പറയാതിരിക്കുന്നതാണ് ഭേദം. കീറിപ്പൊളിഞ്ഞ് തുരുമ്പെടുത്ത തകരക്കഷണങ്ങളാണിപ്പോൾ മേൽക്കൂര. ബസ് സർവീസ് നിറുത്തിയപ്പോൾ വെയിറ്റിംഗ് ഷെഡിലിരിക്കാൻ യാത്രക്കാർ ഇല്ലാതെയായി. എന്നാൽ സ്‌കൂൾ ബസുകൾ കാത്ത് ഇപ്പോഴും നിരവധി കുട്ടികൾ ഇവിടെയിരിക്കാറുണ്ട്. നല്ലൊരു കാറ്റും മഴയും വന്നാൽ രക്ഷിതാക്കളുടെ മനസിൽ തീയാണ്. തുരുമ്പ് തകരക്കൊട്ടക ഏതു നിമിഷവും നിലംപൊത്താം.

മങ്ങാതെ ഈ വാക്കുകൾ

ആകെ പൊളിഞ്ഞ വെയിറ്റിംഗ് ഷെഡിൽ പക്ഷേ ഈ വാക്കുകൾ യാത്രക്കാരെ നോക്കി, മങ്ങാതെ മഞ്ഞച്ചിരി ചിരിക്കുന്നുണ്ട് ; 'കേരള വികസന പദ്ധതി മുത്തോലി പഞ്ചായത്ത് വക ശ്രീകുരുംബക്കാവ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡ് ! അല്ലെങ്കിൽ തന്നെ ഭരണം നിലനിറുത്താനും പ്രസിഡന്റ് പദവി നിലനിറുത്താനും കേരള കോൺഗ്രസും, കോൺഗ്രസും തമ്മിലടിക്കുമ്പോൾ എന്ത് വെയിറ്റിംഗ് ഷെഡ് ? എന്തായാലും ശ്രീ കുരുംബക്കാവ് ജംഗ്ഷനിൽ ഈ വെയിറ്റിംഗ് ഷെഡൊക്കെ മതി എന്ന് തീരുമാനിച്ചവരെ ഇനി പഞ്ചായത്തിന്റെ പടി ചവിട്ടിക്കണോ എന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്.

തൂണുകൾ ഒടിഞ്ഞിരിക്കുന്നു

കുട്ടികൾ ഇരിക്കുന്നത് ഇവിടെ

മേൽക്കൂര പാതി നിലംപൊത്തി

ഭീതിയോടെയാണ് കുട്ടികൾ ഇവിടെ സ്കൂൾ ബസ് കാത്ത് ഇരിക്കുന്നത് നോക്കുന്നത്. ചെറിയ ഒരു കാറ്റടിച്ചാൽ എന്താകുമെന്ന് ഓർക്കുമോമ്പോഴേ പേടിയാകുന്നു. പഞ്ചായത്തധികൃതർ‌ക്ക് മാത്രം ഒരു കുലുക്കവുമില്ല

നാരായണൻ, പ്രദേശവാസി