പാലാ : 'പ്രസാദമൂട്ടുണ്ടാൽ അതു പുലിയന്നൂരിലേതാകണം' ഈ ചൊല്ലിനെ അന്വർത്ഥമാക്കും വിധം വിഭവസമൃദ്ധമായ സദ്യയാണ് പുലിയന്നൂർ ഉത്സവത്തിലെ പ്രസാദമൂട്ട്. ഉത്സവനാളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തരും ഭഗവാന്റെ സദ്യയിലെ ഒരു ഉരുളയെങ്കിലും കഴിച്ചിരിയ്ക്കണം എന്നത് നിർബന്ധമാണ്. ഉത്സവ നാളിൽ ശിവപാർവതി ഓഡിറ്റോറിയത്തിലാണ് പ്രസാദമൂട്ട് നടക്കുന്നത്. സാമ്പാർ, കാളൻ, തോരൻ, അവിയൽ, അച്ചാർ തുടങ്ങി പായസം വരെ വിഭവ സമൃദ്ധമായ സദ്യ. രാവിലെ 11ന് ആരംഭിക്കുന്ന പ്രസാദമൂട്ട് ഉച്ചകഴിഞ്ഞ് 2 വരെയുണ്ട്. ഉത്സവത്തിന്റെ സാധാരണ ദിനങ്ങളിൽ ആയിരത്തഞ്ഞൂറിനും രണ്ടായിരത്തിനുമിടയിൽ ഭക്തർ പ്രസാദമൂട്ടിനുണ്ടാകും. ശിവരാത്രി നാളിൽ പതിനയ്യായിരത്തോളമാകും. ഉത്സവ നാളിൽ ദൂരെ ദിക്കുകളിൽ നിന്ന് പോലും ഭക്തർ പ്രസാദമൂട്ടിനായി ക്ഷേത്രത്തിലെത്താറുണ്ട്.
സ്‌പെഷ്യൽ സർവീസ് ഇന്ന് മുതൽ
പുലിയന്നൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് ഇന്ന് മുതൽ സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കും. ഭക്തരുടെ സൗകര്യാർത്ഥം പാലാ - കൊടുങ്ങൂർ റൂട്ടിൽ രാവിലെ 6.50 മുതൽ തുടർച്ചയായി സർവീസുകളുണ്ടാകുമെന്ന് ഡിപ്പോ അധികാരികൾ അറിയിച്ചു.
ക്ഷേത്രത്തിൽ ഇന്ന്
ഉത്സവബലി 10ന്. പ്രസാദമൂട്ട് 11 മുതൽ, ചാക്യാർകൂത്ത് വൈകിട്ട് 6ന്. ദീപാരാധന 6.15 ന്. നൃത്ത നാടകം രാത്രി 9 മുതൽ.