കൊച്ചി : ദുരഭിമാനക്കൊലക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ ഉൾപ്പെടെ എട്ടു പ്രതികൾ തങ്ങളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
കോട്ടയം നട്ടാശേരി സ്വദേശിയായ കെവിൻ. പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഏറ്റുമാനൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച ഷാനു ചാക്കോ, നിയാസ് മോൻ, ഇഷാൻ ഇസ്മയിൽ, റിയാസ്, മനു മുരളീധരൻ, ഷിഫിൻ ഷജാദ്, ഫാസിൽ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ ദളിത് ക്രൈസ്തവ വിഭാഗത്തിൽ പെട്ട കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം നിമിത്തം പ്രതികൾ ഇയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2018 മേയ് 27 ന് പ്രതികൾ കോട്ടയത്തു നിന്ന് കെവിനെ തട്ടിക്കൊണ്ടു പോയി. തൊട്ടടുത്ത ദിവസം പുനലൂർ വിളക്കുവെട്ടം ചാലിയേക്കര പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിൻ മുങ്ങി മരിച്ചതാണെന്നും കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി പരിശോധന നടത്തി ഇതു കൊലപാതകമാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു.
സാഹചര്യത്തെളിവുകൾ ഉൾപ്പെടെയുള്ളവ കണക്കിലെടുത്ത് വിചാരണക്കോടതി എത്തിയ നിഗമനങ്ങളിൽ അപാകതയുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന ഹർജി തള്ളിയത്.