പാലാ : ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ കയ്യൂർ മലയിൽ വീണ്ടും തീപിടുത്തം. ഇന്നലെ മലയുടെ അടിവാരത്ത് ചൂരമല ഭാഗത്താണ് തീ കാണപ്പെട്ടത്. ശക്തമായ കാറ്റിൽ മലയുടെ മുകൾഭാഗത്തേയ്ക്ക് കത്തിക്കയറുകയായിരുന്നു. തെരുവയും പുല്ലും നിറഞ്ഞ ഈ ഭാഗത്തെ തീനിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സും നാട്ടുകാരും നന്നേ പണിപ്പെട്ടു. സ്ഥലത്ത് വാഹനമെത്താത്തതിനാൽ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സുകളുടെ ഹോസുകൾ തമ്മിൽ കൂട്ടിയോജിപ്പിച്ചാണ് വെളളമെത്തിക്കുന്നത്. തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ 75 ഏക്കറോളം സ്ഥലം കത്തി നശിച്ചതായി നാട്ടുകാർ പറഞ്ഞു. കൃഷി ഭൂമി ഉൾപ്പെടെയുള്ള സ്ഥലമാണിത്. ഇതിനിടെ കയ്യൂർ മലയുടെ എതിർവശത്തുള്ള പാറത്താനം മലയിൽ തിങ്കളാഴ്ച അർധരാത്രിയിൽ തീപിടിത്തുമുണ്ടായെങ്കിലും നാട്ടുകാർ ചേർന്ന് തല്ലിക്കെടുത്തി.