കോട്ടയം: സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ജീവനക്കാർ എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു. പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്‌കെയിൽ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് , ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ സ്ഥാനക്കയറ്റം, ഡെപ്യൂട്ടി തഹസീൽദാർമാരുടെ രണ്ടാമത്തെ ഇൻക്രിമെന്റ്, തുടർച്ചാനുമതി നൽകാതെ സ്‌പെഷ്യൽ ഓഫീസ് ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നിഷേധിക്കുന്നതിനെതിരെയാണ് കരിദിനം ആചരിച്ചത്. ജീവനക്കാർ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. കോട്ടയം കളക്ട്രേറ്റിൽ നടന്ന പ്രകടനവും പ്രതിഷേധ കൂട്ടായ്മയും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച്. ഷീജ ബീവി, ജില്ലാ ഭാരവാഹികളായ ജെ.ജോബിൻസൺ , അജേഷ് പി.വി. , റ്റി.പി. ഗംഗാദേവി , സൗമ്യ എസ്.പി. , സ്മിതാ രവി , ഷാജിമോൻ ഏബ്രഹാം , രാജേഷ് , സിജിൻ മാത്യു എന്നിവർ പ്രസംഗിച്ചു. 5 താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനവും പ്രതിഷേധയോഗവും നടന്നു.