വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ സമാരംഭം കുറിച്ച് നടന്ന കുലവാഴ പുറപ്പാട് ഭക്തിനിർഭരമായി. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കെട്ടി അലങ്കരിക്കാനുള്ള വാഴക്കുലകളും, നാളികേരക്കുലകളും, മറ്റ് അലങ്കാര സാധനങ്ങളും ആഘോഷ പൂർവ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വയൽവാരം കുടുംബയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുലവാഴ പുറപ്പാട്. ചൊവ്വാഴ്ച വൈകിട്ട് 5 ന് വടയാർ പാലത്തിങ്കൽ നിന്നും പുറപ്പെട്ട കുലവാഴ പുറപ്പാടിന് താലപ്പൊലി, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ ഭംഗി പകർന്നു. ശാഖാ പ്രസിഡന്റ് ആനന്ദരാജൻ, സെക്രട്ടറി കെ. ജി. രാമചന്ദ്രൻ, കുടുംബയോഗം കൺവീനർ സന്തോഷ്, ശ്രീജില, സുനിൽകുമാർ, ടി.എസ്. സെൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6ന് ക്ഷേത്ര പുനർനിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണവും, വിദ്യാഭ്യാസ അവാർഡ് വിതരണവും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്യും.