കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ആറു പൊലീസുകാരെക്കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക്. ഇതോടെ രാജ്കുമാറിനെ മറയാക്കി പണം തട്ടിയ രാഷ്ട്രീയ നേതാക്കൾ പരക്കം പാച്ചിൽ തുടങ്ങി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥൻ രാജ്കുമാറിനെ പിടികൂടി കോടതിയിൽ ഹാജരാക്കാതെ കസ്റ്റഡിയിൽ സൂക്ഷിച്ച് മൂന്നാം മുറ പ്രയോഗിച്ചതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. രാജ്കുമാർ പിരിച്ചെടുത്ത പണം ആർക്കാണ് നൽകിയതെന്ന് പുറത്തറിയാതിരിക്കാനാണ് മർദ്ദനമുറ പ്രയോഗിച്ചതെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസോ, പിന്നീട് വന്ന ക്രൈംബ്രാഞ്ചോ ഇതേക്കുറിച്ച് കാര്യമായി അന്വേഷിച്ചില്ല. ഹരിത ഫിനാൻസ് തുടങ്ങിയത് ആരുടെ ബുദ്ധിയാണെന്ന് ഇനിയും കണ്ടത്തേണ്ടതുണ്ട്. കൂടാതെ പിരിച്ചെടുത്ത പണം കുമളിയിലെത്തിച്ച് ആർക്കാണ് കൈമാറിയതെന്നും വ്യക്തമാകേണ്ടതുണ്ട്. സി.ബി.ഐ ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.
നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ സി.ബി.റെജിമോൻ,അസി. സബ് ഇൻസ്‌പെക്ടർ റോയി പി. വർഗീസ്, പൊലീസ് ഡ്രൈവർമാരായ എസ്.നിയാസ്, സജീവ് ആന്റണി, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോംഗാർഡ് കെ.എം.ജയിംസ് എന്നിവരെയാണ് ഇന്നലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് രണ്ടു വരെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്‌റ്റേഷനിലെ മുൻ എസ്.ഐ കെ.എ.സാബു ഇപ്പോൾ സി.ബി.ഐയുടെ കസ്റ്റഡിയിലാണ്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അറസ്‌റ്റ് ചെയ്‌ത നടപടിയിലെ നിയമപ്രശ്‌നം പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉയർത്തി. കേസിൽ ഇവർക്കു നേരത്തെ ലഭിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയില്ലെന്നായിരുന്നു വാദം. എന്നാൽ എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ മറ്റു പ്രതികളുടെ ജാമ്യവും റദ്ദാക്കുന്നതായി പറയുന്നുണ്ടെന്ന് സി.ബി.ഐ വാദിച്ചു. ഈ നിയമപ്രശ്നം കോടതി അടുത്ത ദിവസം പരിഗണിക്കും. ഒന്നാം പ്രതി എസ്.ഐ കെ.എ.സാബുവിന്റെ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.