കോട്ടയം: കാലാവസ്ഥാ വ്യതിയാനവും കീടബാധയും കൃഷിയെ തളർത്തുന്നു. നെല്ല്, തെങ്ങ്, പച്ചക്കറി എന്നിവയെല്ലാം വിവിധ രോഗങ്ങളുടെ ഭീഷണിയിലാണ്. മലയോരത്തെയും പടിഞ്ഞാറൻ മേഖലയിലെയും കർഷകർ വിളകൾക്കുണ്ടായ രോഗബാധയിൽ പൊറുതി മുട്ടിയിരിക്കുകയാണ്. അതേസമയം ചർമമുഴ രോഗം ആശങ്ക വിതച്ചെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കിയത് ക്ഷീരകർഷകർക്ക് ആശ്വാസമായി.

പുലർച്ചേയുള്ള മഞ്ഞിന്റെയും പകൽ ചൂടിന്റെയും അളവ് ക്രമാതീതമായി ഉയർന്നതോടെയാണ് ക്ഷുദ്രജീവികളും വ്യാപകമായത്. തെങ്ങിൽ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. കുമരകത്ത് തെങ്ങ് വാടുന്നതും വെള്ളക്ക കൊഴിയുന്നതും പതിവാണ്. ചൂടു കാലാവസ്ഥയിൽ തെങ്ങുകളിൽ വേണ്ട രീതിയിൽ പരാഗണം നടക്കാത്തതാണ് വെള്ളയ്ക്ക കൊഴിയാൻ കാരണം. ചൂടുകൂടുമ്പോൾ ബോറോൺ പോലുള്ള മൂലകങ്ങൾ ശരിയായ രീതിയിൽ ലഭിക്കാതെ വരുന്നതും മൂലക ആഗിരണത്തിന് സഹായിക്കുന്ന വേര്കുമിളുകൾ നശിക്കുന്നതും കായ് കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. കുറവിലങ്ങാട് ഭാഗങ്ങളിൽ പച്ചക്കറികൾക്ക് വളർച്ചാമുരടിപ്പുണ്ട്. വിളവും ഗണ്യമായി കുറയുന്നു. കൂടെ ചൂടേറ്റ് വാഴകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങി.

വെള്ളീച്ച പണിയായി

മലയോരമേഖലയിൽ പച്ചമുളക്, വഴുതന, പാവൽ തുടങ്ങിയ പച്ചക്കറികൾക്ക് വെള്ളീച്ച ബാധയുണ്ട്. ഇവിടങ്ങളിൽ വെള്ളീച്ച തെങ്ങുകളിലെ നീര് ഊറ്റിക്കുടിക്കുന്നതിനാൽ വിളവ് കുറയുന്നു.

പ്രശ്നം പരിചരണക്കുറവ്

ചൂടു കൂടുന്തോറും പച്ചക്കറികളിൽ നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ഉപദ്രവവും കൂടും

 കൃഷിയിടം നന്നായി നനയ്ക്കണം, കീടനാശിനി പ്രയോഗത്തേക്കാൾ നല്ലത് ജൈവ പ്രതിരോധം

 വേപ്പെണ്ണയും സോപ്പും ചേർത്തു തളിക്കുക, മിത്ര കുമിളുകൾ തളിച്ചും പ്രതിരോധിക്കാം

ചർമമുഴ നിയന്ത്രണവിധേയം

ജില്ലയിൽ റിപ്പോർട്ട് ചെയ്ത പശുക്കളിലെ ചർമമുഴ രോഗം നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. ചെറിയ വൈറസ് രോഗമാണിത്. ഇത്തരം രോഗം കണ്ടെത്തുന്ന സമീപ പ്രദേശങ്ങളിലെ പശുക്കൾക്കു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. രോഗ ബാധയുണ്ടായാൽ ആദ്യം പാൽ കുറയുമെങ്കിലും പിന്നീട് സാധാരണ നിലയിലേക്ക് എത്തുമെന്നും മൃസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൂടുകൂടിയ കാലാവസ്ഥയിൽ മണ്ണു വരണ്ടുണങ്ങുന്നതാണ് കീടങ്ങളുടെ ആക്രമണം വർദ്ധിക്കാൻ കാരണം. മണ്ണിൽ പുതയിട്ട് ഈർപ്പ നഷ്ടം ഒഴിവാക്കണം. പച്ചക്കറി അവശിഷ്ടം, പച്ചിലകൾ, തൊണ്ട് തുടങ്ങിയവ ഉപയോഗിച്ച് പുതയിടാം. തുള്ളിനന സംവിധാനം പ്രയോജനപ്പെടുത്തി കൃത്യമായി വിളകളുടെ ചുവട്ടിൽ ജലം ലഭ്യമാക്കുന്നതിനും അതുവഴി ജലനഷ്ടം ഒഴിവാക്കാനും സാധിക്കും.

- കൃഷി വകുപ്പ് അധികൃതർ