കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ പണിമുടക്കിൽ ഓഫീസുകൾ കാലിയായി. ജില്ലയിലെ ഭൂരിപക്ഷം റവന്യൂ ഓഫീസുകളുടേയും പ്രവർത്തനം നിലച്ചു. ജില്ലയിലെ 1324 റവന്യൂ ജീവനക്കാരിൽ 1107 പേർ പണിമുടക്കിൽ പങ്കെടുത്തു.

കളക്ട്രേറ്റിലെ 170 ജീവനക്കാരിൽ 12 പേർ മാത്രമാണ് ജോലിക്കെത്തിയത്. 100 വില്ലേജ് ഓഫീസുകളിൽ 73 ഓഫീസുകളും അടഞ്ഞുകിടന്നു. പണിമുടക്ക് സാധാരണക്കാരെ വലച്ചു.
കളക്ടറേറ്റിൽ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.ആർ രഘുദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എം.ജെ. ബെന്നിമോനും ചങ്ങനാശേരിയിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രകാശ് എൻ. കങ്ങഴയും കാഞ്ഞിരപ്പള്ളിയിൽ ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശും ഉദ്ഘാടനം ചെയ്തു.